ashtamudi
അഷ്ടമുടി കായലിന്റെ തീരത്തെ അറവുശാല

 ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സംവിധാനങ്ങൾ പരാജയം

 ശുദ്ധജലമായി എത്തേണ്ട ടാങ്കിൽ മലിനജലം തന്നെ നിറയുന്നു

കൊല്ലം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രവർത്തനമാരംഭിച്ച ആശ്രാമത്തെ കോർപ്പറേഷൻ അറവുശാല തുറന്നതിന്റെ രണ്ടാംനാൾ പൂട്ടി. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം തകരാറിലായി അറവ് മാലിന്യം സംസ്കരിക്കാനാകാത്ത സ്ഥിതി വന്നതോടെയാണ് അറവുശാല അടച്ചത്. ഇലക്ട്രോഡുകൾ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കുന്ന 'ഇ - കിഡ് " സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ഒരുതരി മാലിന്യം പോലും പുറന്തള്ളില്ലെന്നായിരുന്നു നഗരസഭയുടെയും പ്ലാന്റ് സ്ഥാപിച്ച സ്വകാര്യ ഏജൻസിയുടെയും അവകാശ വാദം. എന്നാൽ ഈമാസം 20 ന് പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിച്ചപ്പോൾ രക്തവും മാംസാവശിഷ്ടങ്ങളും അടങ്ങിയ മലിനജലം തന്നെ ശുദ്ധജലം നിറയേണ്ട ടാങ്കിലെത്തുകയായിരുന്നു. ഒരു ദിവസം കൂടി പരീക്ഷണം തുടർന്നെങ്കിലും തൽസ്ഥിതി തുടർന്നതോടെ അറവുശാല പൂട്ടുകയായിരുന്നു

എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്

മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോൾ പുറത്തു വരുന്ന സൂക്ഷ്മ ഖരപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള ജലമാലിന്യം നാല് ടാങ്കുകളിലേക്കാണ് ഒഴുകുന്നത്. ഇതിനിടെ ഖര, ജല പ്രദാർത്ഥങ്ങൾ വേർതിരിച്ച് മലിനജലം ഇലക്ട്രോഡുകൾ ഉപയോഗിച്ച് കുടിവെള്ളത്തിന് തുല്യമാകും. ഖരമാലിന്യം സംസ്കരിച്ച് വളമാക്കും.

3 മാസം മുമ്പും ട്രയൽ റൺ നടത്തി

മൂന്ന് മാസം മുമ്പ് ട്രയൽ റൺ നടത്തിയപ്പോഴും സമാനമായ പോരായ്മകൾ കണ്ടെത്തിയിരുന്നു. തുടർന്ന് പ്ളാന്റ് അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് വീണ്ടും തുറന്നത്. ശാസ്ത്രീയ പഠനമില്ലാതെ സ്വകാര്യ ഏജൻസിയുടെ താല്പപര്യ പത്രം അംഗീകരിച്ചതാണ് പുതിയ പദ്ധതി പരാജയമാകാൻ കാരണമെന്നാണ് ആരോപണം.

 ചെലവിട്ടത് 50 ലക്ഷത്തിലേറെ

26 ലക്ഷം രൂപ ചെലവിലാണ് എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. 20 ലക്ഷം രൂപ ചെലവിൽ ബയോഗ്യാസ് പ്ലാന്റുകളുടെ നവീകരണം തുടങ്ങിയ മിനുക്ക് പണികളും നടത്തി. ഇതിന് പുറമെ ലക്ഷങ്ങൾ ചെലവിട്ട് ജനറേറ്ററും ചാണകം സംസ്കരിക്കുന്ന യന്ത്രവും സ്ഥാപിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. പ്ലാന്റ് പരാജയമായാൽ ഇവ സ്ഥാപിക്കാൻ ചെലവായ തുകയ്ക്ക് പുറമെ ഉപയോഗിക്കാതെ ജനറേറ്ററും ചാണക സംസ്കരണ യന്ത്രവും നശിക്കും.

.........................................

പ്ലാന്റിന്റെ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിച്ച് കുറഞ്ഞത് രണ്ട് മാസത്തിനുള്ളിലേ പൂർണതോതിൽ പ്രവർത്തിപ്പിക്കാനാകൂ.

പി.ജെ. രാജേന്ദ്രൻ

(നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)