കൊല്ലം: ജില്ലാ ആശുപത്രിയിൽ കേടായ ലിഫ്റ്റിന്റെ പുനർനിർമ്മാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതി നിലനിൽക്കെ കഴിഞ്ഞ ദിവസം രണ്ടാമത്തെ ലിഫ്റ്റും കേടായി. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല, ഡോക്ടർമാരും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
രണ്ട് മാസത്തിലേറെയായി ജില്ലാ ആശുപത്രികളിലെ രണ്ട് ലിഫ്റ്റുകളിൽ ഒന്ന് പ്രവർത്തനം നിലച്ചിട്ട്. നാലാം നിലയിലെ കാർഡിയോളജി വാർഡിലേക്കും ഐ.സി.യുവിലേക്കുമുള്ള രോഗികളുടെ പോക്കുവരവിനെയാണ് ഇത് സാരമായി ബാധിക്കുന്നത്. നാലാം നിലയിൽ തന്നയാണ് ടി.എം.ടി പരിശോധന ഉൾപ്പെടെ പ്രവർത്തിക്കുന്നത്.
ആശുപത്രിയിലെ രണ്ടാം നമ്പർ ലിഫ്റ്റിലൂടെ മൂന്നാം നിലവരെ രോഗികളെ എത്തിച്ച ശേഷം സെക്യൂരിറ്രി ജീവനക്കാരുൾപ്പെടെ ഉള്ളവരുടെ സഹായത്തോടെ സ്ട്രെച്ചറിലാണ് രോഗികളെ അടുത്ത നിലയിൽ എത്തിച്ചിരുന്നത്. ചിലരെ സ്ട്രെച്ചറില്ലാതെ താങ്ങിക്കൊണ്ട് പോകുന്ന അവസ്ഥയുമുണ്ട്. മറ്റു ചിലരെ പടികളിലൂടെ എടുത്തുകൊണ്ടാണ് പോകുന്നത്.
ഒന്നാം നമ്പർ ലിഫ്റ്റ് പ്രവർത്തനം നിലച്ചതോടെ പലരും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും രേഖാമൂലം പരാതി നൽകാൻ ആരും മുന്നോട്ട് വന്നിരുന്നില്ല. മുമ്പും ജില്ലാ ആശുപത്രി കാർഡിയോളജി വാർഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്ന് കിടക്കകളിലെ മൂട്ട ശല്യമായിരുന്നു പ്രശ്നമെങ്കിൽ ഇന്ന് കാർഡിയോളജി വാർഡിൽ ഒന്ന് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് രോഗികളും ഒപ്പമെത്തുന്നവരും അനുഭവിക്കുന്നത്.
ഇഴഞ്ഞുനീങ്ങുന്ന ലിഫ്റ്റ് നിർമ്മാണം
ലിഫ്റ്റിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പിനെയാണ് ഏൽപ്പിച്ചിരുന്നത്. കേടായ ഒന്നാം നമ്പർ ലിഫ്റ്റ് പൊളിച്ച് നീക്കിയാണ് പുതിയത് നിർമ്മിക്കുന്നത്. ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന രണ്ട് ലിഫ്റ്റുകൾക്കും വർഷങ്ങളുടെ പഴക്കമാണുള്ളത്. രണ്ടും പണിമുടക്കുന്നതും സ്ഥിരമായിരുന്നു. എം. മുകേഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. കേടായ ലിഫ്റ്റ് പുതുക്കി പണിയാൻ കഴിയാത്തതിനാലാണ് പുതിയത് നിർമ്മിക്കുന്നത്.
''ഒന്നാം നമ്പർ ലിഫ്റ്റിന്റെ നിർമ്മാണം നീണ്ടുപോകാത്ത രീതിയിൽ പെട്ടെന്ന് തന്നെ തീർക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്നര മാസത്തിനുള്ളിൽ പൂർണമായും പ്രവർത്തന യോഗ്യമാക്കി രോഗികൾക്ക് ഉപയോഗിക്കാനായി സജ്ജീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ''
ഡോ. വസന്തദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട്
സമയപരിധിക്കുള്ളിൽ പൂർത്തിയാക്കും: പൊതുമരാമത്ത് വകുപ്പ്
ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് നിർമ്മാണത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്ന് വകുപ്പ് ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ അറിയിച്ചു. ലിഫ്റ്റ് കേടായത് സംബന്ധിച്ച് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങൾ വാസ്തവമില്ലാത്തതാണ്. ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ പരിപാലന ചുമതല ജില്ലാ പഞ്ചായത്തിനാണ്. ആശുപത്രിയിലെ പഴക്കം ചെന്ന ഒരു ലിഫ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള പ്രവൃത്തി മാത്രമാണ് പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചിട്ടുള്ളത്. ആ പ്രവൃത്തിക്ക് 120 ദിവസം ആവശ്യമാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് ആരംഭിച്ച നിർമ്മാണ പ്രവർത്തനം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.