കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിന് എതിർവശത്തെ മൺവഴിയിലൂടെ നാൽവർ
സംഘം നടന്നത് കവിതയുടെ തമ്പുരാൻ കളിച്ചുവളർന്ന തറവാട് കാണാനുള്ള ത്രില്ലിലായിരുന്നു. വീടിനു മുന്നിലെത്തിയപ്പോഴേക്കും കറവീണ പല്ലുകാട്ടി വെളുക്കെച്ചിരിച്ച് പി.കുഞ്ഞിരാമൻ നായരുടെ ഇളയമകൾ രാധമ്മ ഇറങ്ങിവന്നു. കുട്ടിക്കവികൾക്ക് നെല്ലിക്കയും ഉപ്പേരിയും നൽകി രാധമ്മ ഹൃദയത്തിൽ സ്നേഹം കുറിച്ചു.
"വിണ്ണിന്റെ ഉത്സവപ്പന്തലിൻ താഴെയായ്
പൊന്നു കെട്ടിച്ച തഴകൾ, തൈത്തെങ്ങുകൾ
സ്വച്ഛതയ്ക്കൂഞ്ഞാലിലാടുവാൻ ചാരത്തു
പച്ചക്കടലായ പുഞ്ചവയൽ നിലം"
'ആ നിത്യകന്യക'യിലെ വരികൾ ഓർത്തെടുത്ത് ചൊല്ലുമ്പോൾ മഹാകവി കുഞ്ഞിരാമൻ നായരുടെ അദൃശ്യസാന്നിദ്ധ്യം നിറഞ്ഞൊരനുഭൂതി. പ്രകൃതിയെയും പ്രണയത്തെയും വിശ്വാസങ്ങളെയും എണ്ണിത്തീരാത്ത കവിതകളാക്കിയ മഹാകവി പി.യുടെ വീടുകാണാനെത്തിയ പുതിയ കാലത്തിന്റെ കവികൾക്ക്, എല്ലാം അപൂർവ നിമിഷങ്ങൾ.
കവിതയെഴുത്തിനെത്തി കൂട്ടുകാരായ ഇടുക്കി അടിമാലി ശ്രീവിവേകാനന്ദ വിദ്യാസദനം ഇംഗ്ളീഷ് മീഡിയം എച്ച്.എസ്.എസിലെ ആതിര സുഭാഷ്, എറണാകുളം കൈതാരം ജി.വി.എച്ച്.എസ്.എസിലെ ഡിയാമേരി, മലപ്പുറം പൊന്നാനി എ.വി.എച്ച്.എസ്.എസിലെ ഷെഹ്റസാദ്, പത്തനംതിട്ട വടശേേരിക്കര എം.ആർ.എസ്.എച്ച്.എസിലെ പി.ബി.സിദ്ധാർത്ഥ് എന്നിവരാണ് പി.യുടെ കവിതവീട്ടിലെത്തിയത്.
നിമിഷംകൊണ്ട് കുട്ടികളും മുത്തശ്ശിയും അടുപ്പക്കാരായി. പിന്നെ പറഞ്ഞതു മുഴുവൻ അച്ഛന്റെ വിശേഷങ്ങൾ. ''അമ്മ കാർത്യായനിയുടെ മടിയിലിരുന്നാണ് കുട്ടിക്കാലത്ത് അച്ഛന്റെ കവിതകൾ കേട്ടിരുന്നത്. അച്ഛനെ മരണംകൂട്ടുമ്പോൾ എനിക്ക് 39 വയസ്സുണ്ട്.''
കടന്നുപോയ ജീവിതത്തിന്റെ നല്ലതെല്ലാം ചേർത്ത് പാടിയും പറഞ്ഞും അവർ അഞ്ചുപേർ ഒരു കുടംബം പോലെയായി. പേര് ഒറ്റ അക്ഷരത്തിലൊളിപ്പിച്ച അമൂല്യ പ്രതിഭയെ മകളിലൂടെ അറിഞ്ഞപ്പോൾ ജീവിതത്തിലെന്നും ഓർത്തുവയ്ക്കാനുള്ള ഭാഗ്യനിമിഷവുമായി!