photo
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി ഫയർഫോഴ്സ് ഒാഫീസ്

കരുനാഗപ്പള്ളി: ഫയർഫോഴ്സിന്റെ കരുനാഗപ്പള്ളി യൂണിറ്റിന് സർക്കാർ അനുവദിച്ച സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കരുനാഗപ്പള്ളി ഫയർഫോഴ്സ് വാടകക്കെട്ടിടത്തിലും പരിമിതമായ സൗകര്യത്തിലുമാണ് പ്രവർത്തിക്കുന്നത്. ഒരു വർഷത്തിന് മുമ്പാണ് കരുനാഗപ്പള്ളി ടൗണിൽ ഫയർഫോഴ്സിന് സ്വന്തമായി ഭൂമി ലഭ്യമായത്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും 20 സെന്റ് ഭൂമി ഫയർഫോഴ്സിന് കൈമാറിയത്. തുടർന്ന് പൊതുമരാമത്ത്, ആർക്കിടെക്ക് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേർന്ന് കെെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സർക്കിൽ സമർപ്പിച്ചു. മാസങ്ങളായി ഫയൽ സർക്കാരിന്റെ പരിഗണനയിലാണ്.

1 വർഷത്തിന് മുമ്പാണ് കരുനാഗപ്പള്ളി ടൗണിൽ ഫയർഫോഴ്സിന് സ്വന്തമായി ഭൂമി ലഭ്യമായത്.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും 20 സെന്റ് ഭൂമിയാണ് ഫയർഫോഴ്സിന് കൈമാറിയത്

3.75 കോടി

3.75 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ താഴെ വാട്ടർ ടെന്ററുകളും അഗ്നിശമന സേന ഉപയോഗിക്കുന്ന ഉപകരണങ്ങളും സൂക്ഷിക്കും. രണ്ടാമത്തെ നില ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്. കരുനാഗപ്പള്ളി ഫയർഫോഴ്സിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ പഴക്കം ചെന്ന രണ്ട് വാട്ടർ ടെന്ററുകൾ മാത്രമാണുള്ളത്.

തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരം

കേരളത്തിൽ ദ്രുതഗതിയിൽ വികസനം നടക്കുന്ന നഗരങ്ങളിലൊന്നാണ് കരുനാഗപ്പള്ളി. ഇവിടെ അഗ്നിബാധ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകുക പതിവാണ്. കുറ്റമറ്റ രീതിയിൽ രക്ഷാ പ്രവർത്തനം നടത്താൻ ജീവനക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. പുതിയ കെട്ടിടം നിർമ്മിച്ചാൽ ആധുനിക വാട്ടർ ടെന്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കരുനാഗപ്പള്ളി ഫയർഫോഴ്സിന് സ്വന്തമാകും. കരുനാഗപ്പള്ളിയുടെ ദുരന്ത നിവാരണത്തിൽ മുഖ്യ പങ്ക് വഹിക്കാൻ കഴിയുന്ന ഫയർഫോഴ്സിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാനായി സർക്കാർ അനുവാദം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.