കടയ്ക്കൽ: ആതുരസേവനരംഗത്ത് സജീവസാന്നിദ്ധ്യമായ ഡോ. വി. സജീവ് ചടയമംഗലം ഹരിശ്രീ ലഹരിവിമോചന കേന്ദ്രത്തിലൂടെ ആയിരങ്ങൾക്ക് പുതുജീവിതം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ്. ലയൺസ് ക്ലബ് ഇന്റർനാഷണലുമായി ചേർന്ന് നിരവധി ലഹരിമോചന ക്ലാസുകൾ സ്കൂൾ കോളേജ് തലങ്ങളിലുള്ള വിദ്യാർഥികൾക്ക് നൽകുന്നതിനുള്ള പ്രവർത്തനം അദ്ദേഹം തുടർന്ന് വരുകയാണ്. ലഹരി വിമോചന പ്രവർത്തനങ്ങൾക്ക് പിന്തുണയായി യോഗ - ധ്യാന ക്ലാസുകൾ നടത്താൻ നേതൃത്വം നൽകുന്നത് ഡോ. വി. സജീവിന്റെ ഭാര്യ ജയ സജീവാണ്. ലഹരിവിമോചന പ്രവർത്തനങ്ങൾ കണക്കിലെടുത്ത് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഡോ. എസ്. സജീവനെയും ജയ സജീവനെയും പൊന്നാടയണിയിച്ചും കേരളകൗമുദിയുടെ പുരസ്കാരം നൽകിയും ആദരിച്ചു. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മക്കളും മനോരോഗ വിദഗ്ദ്ധരുമായ ഡോ. അമൃതാബ്, ഡോ. അമിതാബ് എന്നിവരും ലഹരിവിമോചന പ്രവർത്തനങ്ങൾക്ക് ഒപ്പമുണ്ട് . മകൾ ശ്രീപ്രിയ സജീവ് മെഡിക്കൽ വിദ്യാർത്ഥിനിയാണ്.