പുനലൂർ: ജില്ലയിലെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോ ആയ പുനലൂർ ബസ് ഡിപ്പോയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവേശന കവാടങ്ങളുടെ നിർമ്മാണ പ്രവർത്തനം ഇന്നലെ ആരംഭിച്ചു. 40 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തുന്നത്. പുനലൂർ-അഞ്ചൽ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബസ് ഡിപ്പോയുടെ മുന്നിലാണ് പ്രവേശന കവാടങ്ങളും, യാത്രക്കാർക്ക് വിശ്രമിക്കാനുള്ള കാത്തിരിപ്പ് കേന്ദ്രവും സെക്യൂരിറ്റി മുറിയും നിർമ്മിക്കുന്നത്. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിൻെറ പ്രദേശിക വികസന ഫണ്ടിൽ നിന്ന് ഇപ്പോൾ അനുവദിച്ച 40ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവേശന കവാടങ്ങൾ പണിയുന്നത്. ഡിപ്പോയ്ക്ക് മുന്നിലെ യാർഡിൽ ഇന്റർ ലോക്കുകട്ടകൾ പാകാനും സമീപത്ത് സ്തിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിൽ ഒരു നിലകൂടി പണിയാനുമായി മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നേരത്തെ 1.60 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൻെറ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയത് കണക്കിലെടുത്താണ് പ്രവേശന കവാടത്തിന് കൂടി തുക അനുദിച്ചത്. ഡിപ്പോയുടെ മുന്നിലെ യാർഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടത് മൂലം യാത്രക്കാർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. ഇത് കൂടാതെ ബസ് കയറാൻ ഡിപ്പോയിൽ എത്തുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റും സൗകര്യം ഇല്ലാതിരുന്നത് കണക്കിലെടുത്താണ് ഡിപ്പോ നവീകരിച്ച് മോടി പിടിപ്പിക്കാൻ തീരുമാനിച്ചത്.
മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 40ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവേശന കവാടങ്ങൾ പണിയുന്നത്.
ബസ് ഡിപ്പോ നവീകരിക്കാൻ മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നേരത്തെ 1.60 കോടി രൂപ അനുവദിച്ചിരുന്നു
പുനലൂരിലേത് പ്രധാന ഡിപ്പോ
അന്തർ സംസ്ഥാന സർവീസുകൾക്ക് പുറമേ പുനലൂർ, പത്തനാപുരം താലൂക്കുകൾ അടക്കം ദീർഘദൂരങ്ങളിലേക്ക് ബസ് സർവീസ് നടത്തുന്ന പ്രാധാന ഡിപ്പോയെന്ന പ്രത്യേകതയും പുനലൂരിനുണ്ട്. ഇത് കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നതും പുനലൂരിലും സമീപ പ്രദേശത്തെ തെന്മല ഇക്കോ ടൂറിസം മേഖലയിലുമാണ്. അതിനൊപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമല തീർത്ഥാനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ ഇടത്താവളം കൂടിയാണ് പുനലൂർ. ഇതെല്ലാം കണക്കിലെടുത്താണ് കല്ലടയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബസ് ഡിപ്പോ നവീകരിച്ച് മോടി പിടിപ്പിക്കുന്നത്.
39 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാർക്ക് എവിടെ?
ഡിപ്പോയോട് ചേർന്ന കല്ലടയാറിന്റെ തീരത്ത് 39 ലക്ഷം രൂപ ചെലവഴിച്ചു പണിയാൻ പദ്ധതിയിട്ടിരുന്ന പാർക്കിന്റെ നിർമ്മാണ പ്രവർത്തനം നേരത്തെ ആരംഭിച്ചിരുന്നു. പുനലൂരിൽ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു പൂന്തോട്ടം, അലങ്കാര ലൈറ്റുകൾ അടക്കമുളള സൗകര്യങ്ങളോടെ പാർക്കിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചത്. ഇക്കഴിഞ്ഞ ഓണത്തിന് പാർക്കിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് നിർമ്മാണ ജോലികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
നിർമ്മിക്കുന്നത്
1.പ്രവേശന കവാടങ്ങൾ
2.കാത്തിരിപ്പ് കേന്ദ്രം
3.സെക്യൂരിറ്റി മുറി