കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് ക്ഷേത്രത്തിന് സമീപം ക്രിസ്തുരാജ് ജംഗ്ഷനിലേക്ക് പുതുതായി ടാർ ചെയ്ത റോഡ് കുടിവെള്ള പൈപ്പ് പൊട്ടി തകർന്നു. വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. വെള്ളത്തിന്റെ കുത്തൊഴുക്കിൽ മൂന്ന് മീറ്ററിലധികം റോഡ് പൂർണമായും തകർന്നു. റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയ നിലയിലാണ്. അതേസമയം പ്രദേശവാസികൾ ഉടൻ തന്നെ വിവരം വാട്ടർ അതോറിറ്റിയിൽ അറിയിച്ചെങ്കിലും 11 മണിയോടെ ആണ് പമ്പിംഗ് നിറുത്തിയതെന്ന ആക്ഷേപമുണ്ട്.
പൈപ്പ് പൊട്ടിയതോടെ കുണ്ടറ ഗ്രാമപഞ്ചായത്തിലെ ഏഴ് വർഡുകളിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. ടാറിംഗ് കഴിഞ്ഞ് ഒരു വർഷം കഴിയുന്നതിന് മുന്നേ തകർന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. വാട്ടർ അതോറിറ്റി റോഡ് പുനർനിർമ്മിച്ച് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.