അഞ്ചാലുംമൂട്: ബൈപാസിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് കാൽവിരൽ അറ്റുപോയതറിയാതെ ബൈക്കുമായി കടന്നുകളഞ്ഞു. യുവാവിന്റെ കാൽവിരലുമായി പൊലീസ് സഞ്ചരിച്ചത് കിലോമീറ്ററുകൾ.
ശക്തികുളങ്ങര സ്വദേശി ജോൺബ്രിട്ടോ പ്രകാശിന്റെ (21) വലതുകാലിലെ വിരലാണ് അറ്റുപോയത്. ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കില്ല. ഇന്നലെ പുലർച്ചെ രണ്ടിന് ബൈപ്പാസിൽ കുരീപ്പുഴ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ടോൾ പ്ലാസയുടെ തെക്കുവശത്തെ ഇടുങ്ങിയ ഭാഗത്തുകൂടി അമിതവേഗത്തിൽ വന്ന ബുള്ളറ്റ് എതിരെവന്ന കാറിലിടിക്കുകയായിരുന്നു.കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. കാർയാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും യുവാക്കൾ ബൈക്കുമായി കടന്നു. അതുവഴിവന്ന പള്ളിത്തോട്ടം എസ്. എച്ച്. ഒ സി.ദേവരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിംഗ് സംഘം പരിസരം നിരീക്ഷിച്ചപ്പോഴാണ് കാൽവിരൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രി ഉൾപ്പെടെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പൊലീസ് അന്വേഷിച്ചെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. പിന്നീട് അയത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചു. കാൽവിരലുമായി പൊലീസ് സംഘം അവിടെയെത്തി. ഇന്നലെ വൈകിട്ടോടെ വിരൽ തുന്നിച്ചേർത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.