കൊട്ടിയം: കോഴിപിടിത്തം പതിവാക്കിയ കാട്ടുപൂച്ച ഒടുവിൽ നാട്ടുകാരുടെ പിടിയിലായി. ശല്യം രൂക്ഷമായതോടെ നാട്ടുകാർ ചേർന്ന് കെണിവച്ച് പിടികൂടിയ കൂറ്റൻ കാട്ടുപൂച്ചയെ വനംവകുപ്പിന് കൈമാറി.
തട്ടാമല വെൺപാലക്കര ഭാഗത്ത് നിരവധി വീടുകളിലെ കോഴികളെ പലപ്പോഴായി കാണാതായിരുന്നു. കള്ളൻമാർ കൊണ്ടു പോകുന്നുവെന്ന സംശയത്തിൽ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കോഴികളെ പിടിക്കുന്നത് ഏതോ അജ്ഞാത ജീവിയാണെന്ന് മനസിലായത്. തുടർന്ന് ഇവിടെ കീരിയെ പിടിക്കുന്നതിനായുള്ള കൂട് സ്ഥാപിക്കുകയും കോഴിയെ പിടിക്കാൻ വന്ന കാട്ടുപൂച്ച ഇതിൽ കുടുങ്ങുകയുമായിരുന്നു.
പത്ത് കിലോയിലധികം തൂക്കം വരുന്ന ആൺ കാട്ടുപൂച്ചയാണ് കൂട്ടിലായത്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ചലിൽ നിന്ന് ഫോറസ്റ്റ് ഓഫീസർ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കാട്ടുപൂച്ചയെ ഏറ്റുവാങ്ങി കൊണ്ടു പോയി.