ksu
ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിയടിയിൽ പരിക്കേറ്റ ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ

കൊല്ലം: തിരുവനന്തപുരത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ക്രൂര മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊല്ലം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ലാത്തിയടിയിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ ഉൾപ്പെടെ നാലു നേതാക്കൾക്ക് പരിക്കേറ്റു. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
ഇന്നലെ രാവിലെ ചിന്നക്കട റസ്​റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ചിന്നക്കട മേൽപ്പാലത്തിന് സമീപം പൊലീസ് തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവർത്തകരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. പരിക്കേ​റ്റ വിഷ്ണു വിജയൻ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ എം.ജെ, ബ്ലോക്ക് പ്രസിഡന്റ് ബിച്ചു കൊല്ലം എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എ. ഷാനവാസ് ഖാൻ, ജി. രതികുമാർ, സൂരജ് രവി, വിപിനചന്ദ്രൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശുപത്രിയിൽ കെ.എസ്.യു നേതാക്കളെ സന്ദർശിച്ചു.
മാർച്ചിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു സുനിൽ പന്തളം, സാജു ഖാൻ, സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ.എം.ജെ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിഖ്.എം.ദാസ്, ശരത് മോഹൻ. എ.എസ്, അനൂപ് നെടുമ്പന എന്നിവർ സംസാരിച്ചു. തൗഫീഖ് അഞ്ചൽ, അതുൽ.എസ്.പി, രാഹുൽ.ആർ.എസ്, അസ്ലം ആദിനാട്, ഷെമീർ കുന്നത്തൂർ, ആഷിഖ് ബൈജു, നൗഫൽ, ബിച്ചു കൊല്ലം, നെഫ്സൽ കലതിക്കാട്, ആഷിഖ്, കിഷോർ, സിനു മരുതമൺപള്ളി തുടങ്ങിയവർ നേതൃത്വം നൽകി. പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു തിങ്കളാഴ്ച്ച കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്തിന് ആഹ്വാനം ചെയ്തു.ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിക്കേ​റ്റ് ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു നേതാക്കളെ സന്ദർശിക്കും.