c
വോട്ടിംഗ് യന്ത്റവും വിവിപാ​റ്റും സുരക്ഷിതം

കൊല്ലം: വോട്ടിംഗ് യന്ത്റവും വിവിപാ​റ്റും സുരക്ഷിതമാണെന്ന് ചീഫ് ഇലക്ഷൻ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. അതിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ക്വയിലോൺ മാനേജ്‌മെന്റ് അസോസിയേഷന്റെ പുരസ്‌കാരം ഏ​റ്റു വാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാതൃകാപരമാണ്. രാഷ്ട്രീയ പക്ഷപാതമില്ലാതെയാണ് വനിതകൾ ഉൾപ്പടെയുള്ളവർ പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ ജയിച്ചുവരുന്ന വനിതകൾ പിൻസീ​റ്റ് ഡ്രൈവിംഗ് നടത്തരുതെന്നും അവരെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്വയിലോൺ ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങ്
മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. മാനേജ്‌മെന്റ് രംഗത്ത് വൈദഗ്ധ്യം പ്രകടിപ്പിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മന്ത്റി അവാർഡ് സമ്മാനിച്ചു. ക്യു.എം.എ പുരസ്‌കാരം ടിക്കാറാം മീണയ്ക്ക് അസോസിയേഷൻ പ്രസിഡന്റ് റിജി ജി നായർ സമ്മാനിച്ചു. എം. നൗഷാദ് എം.എൽ.എ, അസോസിയേഷൻ സെക്രട്ടറി സി. ശ്രീരാജ്, പി. രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണവും നടന്നു. സമാപന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനംചെയ്തു. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പ്രോവൈസ് ചാൻസലർ ഡോ. എസ്. അയൂബ് സംസാരിച്ചു.