04
പീഡനക്കേസില്‍ റിമാന്‍റിലായ ഗണേഷ്

ഏരൂർ: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛമ്മയേയും അവരുടെ പരിചയക്കാരനായ ആട്ടോഡ്രൈവർ കടമാൻകോട് വനജവിലാസത്തിൽ ഗണേഷിനെയും (23) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കളോടൊപ്പം വിട്ടു. പ്രതികളെ റിമാൻഡ് ചെയ്തു.

അച്ഛനമ്മമാരോടൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. ഒരു വർഷം മുമ്പ് വാഹനാപകടത്തെ തുടർന്ന് പിതാവ് കിടപ്പിലായി. മൂന്നുമാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ സമയത്താണ് കുറച്ച് ദിവസം കൂടെ നിർത്താമെന്ന് പറഞ്ഞ് അച്ഛമ്മ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയത്. ഇവർ തനിച്ചാണ് താമസം. പിതാവ് ആശുപത്രിയിൽ നിന്നും തിരികെ വന്നതിനുശേഷവും പെൺകുട്ടിയെ മടക്കി അയച്ചില്ല. പല തവണ രക്ഷിതാക്കൾ വന്നപ്പോഴും കുട്ടിയെ കാണാൻ അനുവദിക്കാതെ ഒഴിവാക്കിവിട്ടു. എന്നാൽ ആട്ടോ ഡ്രൈവർ വീട്ടിൽ വന്നുപോകുന്നതും മറ്റും നാട്ടുകാർ പറഞ്ഞ് മനസിലാക്കിയ രക്ഷിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി കൊടുത്തു.

പക്ഷേ, പെൺകുട്ടി അച്ഛമ്മയോടൊപ്പം പോകാനാണ് താല്പര്യം പ്രകടിപ്പിച്ചത്. എന്നാൽ അടുത്തിടെ അച്ഛനമ്മമാരോടൊപ്പം പോകാൻ തയ്യാറാണെന്ന് കുട്ടി അറിയിച്ചു. എന്നിട്ടും അച്ഛമ്മ അനുവദിച്ചില്ല. രണ്ട് ദിവസം മുമ്പ് പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ചശേഷം കാണാനില്ലെന്ന് ഏരൂർ പോലീസിൽ കള്ളപരാതിയും കൊടുത്തു. ഈ സമയം മാതാപിതാക്കളും പരാതി നല്‍കിയിരുന്നു. പോലീസ് പെൺകുട്ടിയെ കണ്ടെത്തി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം ബോധ്യമായത്. തുടർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എസ്.ഐമാരായ സുബിൻ തങ്കച്ചൻ, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.