കുന്നത്തൂർ: ശൂരനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അതിക്രമിച്ചു കയറി വനിതാ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയ യുവാക്കളെ റിമാൻഡ് ചെയ്തു. ശൂരനാട് വടക്ക് തെക്കേമുറി മുകളിൽ വീട്ടിൽ നൗഫൽ (25), ഫാത്തിമാ മൻസിലിൽ അൽ ഫയാദ് (22), മുകളിൽ വീട്ടിൽ മുഹമ്മദ് നൗഷാദ് (23), അർത്തി വിളയിൽ വീട്ടിൽ നെസിൻ (24) എന്നിവരാണ് റിമാൻഡിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ വ്യാഴാഴ്ച പനിക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ നൗഫലിന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ചികിത്സ നൽകിയെങ്കിലും കൂടുതൽ മരുന്നു നൽകണമെന്നും അഡ്മിറ്റാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അഡ്മിറ്റാക്കേണ്ടതില്ലെന്ന ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് നൗഫൽ ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങാതെ കുത്തിയിരുന്നു. പുറത്തു പോകാതിരുന്നതിനെ തുടർന്ന് ഡോക്ടർ ഇയാളെ പുറത്തിറക്കി. ഉടൻ തന്നെ പുറത്തേക്ക് പോയ ഇയാൾ മറ്റ് മൂന്നു പ്രതികളുമായി എത്തുകയും ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തു. ഇതിന് പുറമേ ഡോക്ടറേയും നഴ്സിനേയും മുറിക്കുള്ളിൽ പൂട്ടിയിട്ടു. ആശുപത്രിയിലെ മറ്റ് ജീവനക്കാരെത്തിയാണ് ഇവരെ മോചിപ്പിച്ചത്.