fish-waste
മാലിന്യവുമായി വന്ന ലോറി ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിൽ

ചാത്തന്നൂർ: മത്സ്യവളവും അനുബന്ധ മാലിന്യവുമായി വന്ന മൂടിയുള്ള വാഹനം ദേശിയപാതയോരത്ത് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി. ഇന്നലെ ഉച്ചയോടെയാണ് ഇത്തിക്കര പാലത്തിന് സമീപം മത്സ്യവളവുമായി എത്തിയ പൂർണമായും മൂടിയുള്ള ഫ്രീസർ സൗകര്യത്തോടുകൂടിയ തമിഴ്നാട് രജിസ്ട്രഷൻ വാഹനം കാണപ്പെട്ടത്. നിമിഷങ്ങൾക്കകം തന്നെ പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാഹന ഉടമയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനമുപേഷിച്ച് താക്കോലുമായി കടന്നതാണെന്ന് മനസിലായി.

തമിഴ്നാട് സ്വദേശിയായ വാഹന ഉടമ ഡ്രൈവറുമായി എത്താമെന്ന് ഉറപ്പ് നൽകിയെങ്കിലും രാത്രി വൈകിയും വാഹനം റോഡിൽ തന്നെ കിടക്കുകയാണ്. ചാത്തന്നൂർ പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ഫോൺ സ്വിച്ച് ഓഫ് നിലയിലാണ് എന്ന് വാഹന ഉടമ പറഞ്ഞു.