കുണ്ടറ: വെള്ളിമണിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിപ്പൊളിച്ച് മോഷണം. വ്ളാവേത്ത് വിരമിച്ച എസ്.ഐ രാഹുലന്റെ വീട്ടിലാണ് വാതിൽപൊളിച്ച് മോഷണം നടത്തിയതായി കണ്ടെത്തിയത്.
ആൾതാമസമില്ലാത്തതിനാൽ ആഴ്ചതോറും ഒരു ബന്ധു എത്തി വീട് വൃത്തിയാക്കുമായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി ശനിയാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണം നടത്തിയതായി കണ്ടെത്തിയത്. വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരകളുൾപ്പെടെ കുത്തിത്തുറന്ന് പരിശോധിച്ചിരുന്നു. വീട്ടിനുള്ളിൽ വിലപ്പെട്ടതൊന്നും സൂക്ഷിച്ചിരുന്നില്ല.
കുണ്ടറ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. കുണ്ടറയിലും കിഴക്കേകല്ലടയിലും സമീപകാലത്ത് പൂട്ടിയിട്ടിരുന്ന വീടുകൾ കുത്തിത്തുറന്ന് നടത്തിയ മോഷണങ്ങളിലെല്ലാം സമീപവാസികൾ തന്നെയാണ് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.