പുതുക്കാട്: പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ ദേശീയപാതയിൽ കഴിഞ്ഞ ദിവസം ഒരു യുവാവിന്റെ ജീവൻ കൂടി പൊലിഞ്ഞു. കൊടകര വട്ടേക്കാട് നടുവത്ത് ബാബുവിന്റെ മകൻ സെബിനാണ് അപകടത്തിൽ മരിച്ചത്. ഇവിടെ ഹോമിച്ച എത്രാമത്തെ ജീവനാണ് സെബിന്റേതെന്ന കണക്കൊന്നുമില്ല, പക്ഷെ ഇവിടമൊരു അപകടത്തുരുത്താണ്.

ദേശീയപാത നാലുവരിയായി വികസിപ്പിച്ചതോടെയാണ് അപകടങ്ങൾ വർദ്ധിച്ചത്. തൃശൂരിൽ നിന്നും എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോഴും സ്റ്റാൻഡിൽ നിന്നും ഇറങ്ങുമ്പോഴുമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ദേശീയപാതയിൽ നിർമ്മിച്ച യു ടേൺ ശാസ്ത്രീയമല്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്.

സ്റ്റാൻഡിലേക്ക് ബസുകൾക്ക് പ്രവേശിക്കാനായി ഡിവൈഡറുകൾ പൊളിച്ചു മാറ്റിയാണ് യു ടേൺ നിർമ്മിച്ചത്. അപകടങ്ങളിൽ കൂടുതലും വില്ലനാകുന്നത് കെ.എസ്.ആർ.ടി.സി ബസുകളാണ്. ദേശീയ പാതയിലൂടെ വരുന്ന ബസുകൾ പെട്ടെന്ന് സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴുമാണ് ദേശീയ പാതയിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇടിക്കുന്നത്.

അപകടങ്ങളിൽ മരിക്കുന്നതിലേറെ പേർ പരിക്ക് പറ്റി ജീവച്ഛവങ്ങളായി കഴിയുന്നു. പുതുക്കാട്ടെയും ആമ്പല്ലൂരിലെയും സിഗ്‌നലുകൾ തുറക്കുന്നതോടെ പാഞ്ഞുവരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഒരു വാഹനമെങ്കിലും ഇവിടെ അപകടത്തിൽ പെടാത്ത ദിവസമില്ല. ദേശീയ പാതയിൽ സ്റ്റാൻഡിന് മുൻവശത്തായി ഇരു ദിശകളിലും അപായ സൂചന നൽകുന്ന ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല.

കെണി ഒഴിവാക്കാൻ

ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ ദേശീയപാതയ്ക്ക് ഇരുവശത്തും ബസ് ഷെൽട്ടറുകൾ നിർമ്മിച്ച് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സൗകര്യം ഒരുക്കാനുള്ള ചില ആലോചനകൾ നടന്നെങ്കിലും പ്രാവർത്തികമായില്ല. പുതുക്കാട് ജംഗ്ഷനിലെ നിർദ്ദിഷ്ട മേൽപ്പാലം നിർമ്മിച്ചാൽ ജംഗ്ഷനിലെയും സ്റ്റാൻഡിന് മുന്നിലെയും അപകടങ്ങൾ ഇല്ലാതാക്കാം. എന്നാൽ മേൽപ്പാലം നിർമ്മാണം അനിശ്ചിതത്വത്തിലാണ്. ഒരവസരത്തിൽ സ്ഥലം എറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അതിനിടെ ദേശീയപാത മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ ആറുവരിയായി വികസിപ്പിക്കാൻ തീരുമാനിച്ചതോടെ മേൽപ്പാലത്തിന്റെ രൂപരേഖയിലും എസ്റ്റിമേറ്റിലും മാറ്റം അനിവാര്യമായി. പല കാരണത്താൽ മേൽപ്പാലം നിർമ്മാണം വൈകുമ്പോൾ അപകടങ്ങളും മരണങ്ങളും തുടർന്ന് കൊണ്ടേയിരിക്കുന്നു. ബന്ധപ്പെട്ട അധികൃതരാകട്ടെ ഒന്നും കണ്ടില്ലന്ന ഭാവത്തിലാണ്.

കുരുതിക്കളം

അപകടക്കെണി പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻപിൽ

സ്റ്റാൻഡിലേക്ക് ബസുകലുടെ കയറ്റവും ഇറക്കവും കെണി ഒരുക്കുന്നു

യു ടേൺ അശാസ്ത്രീയം, അപകടസൂചനാ ബോർഡുകൾ കാണുന്നില്ല

പുതുക്കാട് മേൽപ്പാലം നിർമ്മിച്ചാൽ അപകടഭീതി ഒഴിവാക്കാം

സ്ഥലമേറ്റെടുക്കലിന് തീരുമാനിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നടന്നില്ല