കൊടുങ്ങല്ലൂർ: നാലു വർഷം പിന്നിടുന്ന കൊടുങ്ങല്ലൂർ നഗരസഭയിലെ ഇടതുപക്ഷ ഭരണം പൂർണ പരാജയമെന്ന് ചൂണ്ടിക്കാട്ടി കൊടുങ്ങല്ലൂർ -മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ നഗരസഭയ്ക്ക് എതിരെ കുറ്റപത്രവുമായി രാപ്പകൽ സമരത്തിന് തയ്യാറെടുക്കുന്നു.
പത്ര വാർത്തകളല്ലാതെ യാതൊരു വാഗ്ദാനവും നടപ്പിലാക്കുവാൻ നഗരസഭാ ഭരണ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പാഴ് വാഗ്ദാനങ്ങളാണ് ഇപ്പോഴും പറയുന്നത്. നഗരസഭയിലെ മിക്കവാറും റോഡുകളും തകർന്ന് കുണ്ടും കുഴിയുമായി വെള്ളം കെട്ടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാതായി. വാർഡുകളിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാൻഡ് വൺവേ റോഡ് തകർന്നിട്ടും ഒന്നം ചെയ്യാൻ കഴിഞ്ഞില്ല. പ്രളയബാധിതരായ മുഴുവൻ പേർക്കും ധനസഹായം എത്തിക്കാനായില്ല.
വീടുകൾ അനുവദിക്കുന്നതിൽ അർഹരായ പലരെയും ഒഴിവാക്കി. അങ്ങനെ നിരവധി രംഗത്താണ് ഇടതുപക്ഷ ഭരണത്തിന്റെ വീഴ്ചയും തകർച്ചയും. അഴിമതിയും ധൂർത്തും സ്വജനപക്ഷ പാതവും അസഹനീയമാണെന്നും ഇവർ ആരോപിച്ചു.
ഇന്ദിരാഭവനിൽ നടന്ന കൊടുങ്ങല്ലൂർ- മേത്തല മണ്ഡലം സംയുക്ത യോഗത്തിൽ കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ വി.എം ജോണി ആമുഖപ്രസംഗം നടത്തി. ടി.എം നാസർ, അഡ്വ. വി.എം മൊഹീയുദ്ദീൻ, പ്രൊഫ: കെ.കെ രവി, ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി ചെന്താമരാക്ഷൻ, വേണുവെണ്ണറ, ഇ.എസ് സാബു, കെ.പി സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കുറ്റപത്രം ഇങ്ങനെ
നഗരസഭയിലെ റോഡുകൾ തകർന്നു കിടക്കുന്നു
ജനജീവിതം ദു: സഹമാക്കുന്ന വെള്ളക്കെട്ടുകൾ
മാലിന്യ കൂമ്പാരങ്ങൾ
കത്താത്ത തെരുവുവിളക്കുകൾ
ലാൻഡിംഗ് പ്ലേസിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾ
പ്രളയ ദുരിതകാലത്തെ ധനസഹായ വിതരണ വീഴ്ച
വീടുകൾ വയ്ക്കുന്നതിനുള്ള ധനസഹായത്തിലെ വേർതിരിവു്