വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പത്താഴക്കുണ്ട് വട്ടായി കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് നിർമ്മാണം അന്തിമഘട്ടത്തിൽ. ചെപ്പാറയ്ക്കു സമീപം അഞ്ചീട്ടിയിൽ പഞ്ചായത്ത് വില കൊടുത്തു വാങ്ങിയ എട്ടു സെന്റ് സ്ഥലത്താണ് ടാങ്ക് നിർമ്മിക്കുന്നത്. 3.2 ലക്ഷം ലിറ്റർ ജല സംഭരണ ശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുന്നത്.
വട്ടായി ക്വാറിയിലെ ജലം ഉപയോടപ്പെടുത്തി മുൻ എം.പി പി.കെ. ബിജു ആണ് കുടിവെള്ള പദ്ധതിക്ക് രൂപം നൽകിയത്. ഇതിനായി പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി പ്രാദേശിക വികസന ഫണ്ടിൽ നിന്നം ഒരു കോടി 29 ലക്ഷം രുപയും അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്തിൽ നിന്നും ഒരു കോടി പതിനാല് ലക്ഷം രൂപയും തെക്കുംകര പഞ്ചായത്തിൽ നിന്നും 63 ലക്ഷം രൂപയും അനുവദിച്ചു.
ക്വാറിയോട് ചേർന്ന് പഞ്ചായത്ത് 35 സെന്റ് സ്ഥലം വാങ്ങി 15 മീറ്റർ ആഴത്തിൽ കിണർ നിർമ്മിച്ചിട്ടുണ്ട്. റോഡ് നിർമ്മിച്ച് വൈദ്യുതിയും ലഭ്യമാക്കി. കൂടാതെ വാട്ടർ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിന് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികളും നടന്നുവരുന്നു. തെക്കുംകര പഞ്ചായത്തിലെ വട്ടായി, പറമ്പായി, കുത്തുപാറ, കല്ലംപാറ, അടങ്ങളം എന്നീ അഞ്ചു വാർഡുകളിലെ രണ്ടായിരം വീടുകളിൽ കുടിവെള്ളം എത്തിക്കുകയാണ് പദ്ധതി കൊണ്ട് ഉദേശിക്കുന്നത്.
ആറുമാസം കൊണ്ട് നിർമ്മാണ പ്രവൃത്തികൾ പുർത്തയാക്കി പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ, വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ എന്നിവർ പറഞ്ഞു.