missing-vishnu
കാണാതായ വിഷ്ണു

ചാവക്കാട്: തങ്ങൾക്കുള്ള സമ്മാനങ്ങളുമായി പ്രിയമകൻ വിഷ്ണു ഏത് നിമിഷവും വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ നീരട്ടി വീട്ടിലെ ചന്തുവും ഭാര്യ കനകലതയും. കഴിഞ്ഞ വർഷം ജൂലായ് 25 നാണ് നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വിഷ്ണുവിനെ കാണാതായത്. ഒമാനിലെ കാപിറ്റൽ ടെക്‌നിക്കൽ സർവീസ് എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന വിഷ്ണു ജൂലായ് 25 ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
നെടുമ്പാശ്ശേരിയിലെത്തിയ വിഷ്ണു പക്ഷേ വീട്ടിലേക്ക് പോകാതെ ആരോടും പറയാതെ അവിടെ നിന്നും അപ്രത്യക്ഷനായി. ബംഗളൂരുവിൽ ചിലരുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ഒമാനിലെ സുഹൃത്തുക്കളോടും, സഹോദരനോടും വിഷ്ണു പറഞ്ഞിരുന്നതത്രെ.
നെടുമ്പാശ്ശേരിയിൽ നിന്നും പോയ വിഷ്ണു ബംഗളൂരു ഉണ്ടായിരുന്നതായി പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. 2018 ഓഗസ്റ്റ് 8ന് താൻ അര മണിക്കൂറിൽ വയനാട് എത്തുമെന്നറിയിച്ച് അയച്ച സന്ദേശമാണ് അവസാനമായി വീട്ടുകാർക്ക് ലഭിച്ചത്. പിന്നീട് വിഷ്ണുവിന്റെ യാതൊരു വിവരവുമില്ലാതായതോടെ റൂറൽ എസ്.പിക്ക് പരാതി നൽകി.
അന്വേഷണത്തിൽ വിഷ്ണുവിന്റെ സന്ദേശം അവസാനമായി വന്നത് മൈസൂരിൽ നിന്നാണെന്ന് തെളിഞ്ഞിരുന്നു. 2018 ഡിസംബറിൽ നാട്ടുകാർ ഒത്തുകൂടി ഏങ്ങണ്ടിയൂർ പഞ്ചായത്ത് അധികാരികളുടെ സഹകരണത്തോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനും കൂടുതലൊന്നും കണ്ടെത്താനായില്ല.
ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ശമ്പളം കൃത്യമായി ലഭിക്കാറില്ലെന്ന് വിഷ്ണു അറിയിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. ഒരു വർഷങ്ങൾക്കിപ്പുറവും വിഷ്ണുവിനെ കുറിച്ച് ഒരു വിവരവുമില്ലാതെ വേദനയോടെ കാത്തിരിക്കുകയാണ് കുടുംബവും കൂട്ടുകാരും. വിഷ്ണുവിന്റെ തിരോധാനം ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയെയും, കേന്ദ്ര മന്ത്രിമാരെയും കാണാനുള്ള തയ്യാറെടുപ്പിലാണ് വിഷ്ണുവിന്റെ കുടുംബം.