തൃശൂർ:അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ മണിവാസകം ഒഴികെയുള്ളവർക്ക് വെടിയേറ്റത് പിന്നിൽ നിന്നാണെന്ന് വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് ഫോറൻസിക് സംഘം ഇന്ന് പൊലീസിന് കൈമാറിയേക്കും. കാർത്തി, അരവിന്ദ്, രമ എന്നിവർക്കാണ് പിന്നിൽ നിന്ന് വെടിയേറ്റത്.

നേരിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ ലക്ഷണങ്ങൾ മണിവാസകത്തിന്റെ ശരീരത്തിൽ മാത്രമാണുളളതെന്നാണ് സൂചന. മണിവാസകത്തിന്റെ ഇരുകാലുകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും കാലുകളിൽ വെടിയേറ്റിട്ടില്ലെന്നും ഡോക്ടർമാർ മൊഴി നൽകിയിരുന്നു. കാലുകൾ ഒടിഞ്ഞത് ബലപ്രയോഗത്തിലാണോ വീഴ്‌ചയിലാണോ എന്ന് വ്യക്തമായിട്ടില്ല. ആരോഗ്യനില മോശമായിരുന്ന മണിവാസകത്തിന് ഓടാൻ കഴിയില്ലെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

കാർത്തിയുടെ മൃതദേഹം കഴിഞ്ഞദിവസം സഹോദരൻ മുരുകേശൻ കണ്ടിരുന്നെങ്കിലും തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരുന്നുവെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

അതേസമയം, കൊല്ലപ്പെട്ട അരവിന്ദിന്റെ സഹോദരനാണെന്ന് അവകാശപ്പെട്ട് കർണാടക, ചിക്കമഗലൂർ സ്വദേശി മഞ്ജുനാഥ് എന്നയാൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ എത്തിയത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. സഹോദരനെ കാണണമെന്ന് നിർബന്ധം പിടിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇയാൾ അരവിന്ദിന്റെ മൃതദേഹം പരിശോധിച്ചെങ്കിലും സഹോദരനല്ലെന്ന് പറഞ്ഞ് തിരികെ പോയി.

അരവിന്ദിന്റെയും രമയുടേയും മൃതദേഹങ്ങൾ കാണാൻ ബന്ധുക്കൾ എത്തിയിട്ടില്ല. തിങ്കളാഴ്ച വരെ മൃതദേഹങ്ങൾ മറവു ചെയ്യരുതെന്ന് കോടതി നിർദ്ദേശമുണ്ട്.

പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ

കാർത്തി, അരവിന്ദ്, രമ എന്നിവരുടെ ശരീരത്തിന്റെ പിന്നിൽ വെടിയേറ്റു

രമയുടെ വയറ്റിൽ ദഹിക്കാത്ത ഭക്ഷണം കണ്ടെത്തി. ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു വെടിവെയ്പ് എന്നതിന് ഇത് തെളിവാണെന്ന് സൂചന

രമ വെടിക്കോപ്പുകളും ആയുധങ്ങളും സൂക്ഷിക്കാൻ സൗകര്യമുള്ള അറകളുള്ള വസ്ത്രം ധരിച്ചിരുന്നു

മണിവാസകത്തിന്റെ മൃതദേഹത്തിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങൾ

മണിവാസകത്തിന്റെ കാലുകൾ ഒടിഞ്ഞിരുന്നു