തൃശൂർ: മണിക്കൂറുകളോളം വാഹനങ്ങൾ വഴിയിൽ കിടക്കുമ്പോഴും കുഴിയടയ്ക്കൽ നടത്തി മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ ഗതാഗതപ്രശ്‌നം താത്കാലികമായി പരിഹരിക്കാനുളള നീക്കം ഇനി അനുവദിക്കില്ലെന്ന് ബസുടമ സംഘടനകൾ. വഴുക്കുമ്പാറ മുതൽ കൊമ്പഴ വരെയുളള നാലു കിലോമീറ്റർ ദൂരമെങ്കിലും പൂർണ്ണമായി റീടാർ ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ജനകീയ കൂട്ടായ്മയും. ഇതോടെ കുതിരാനിൽ വൻപ്രതിഷേധത്തിന് വഴിയൊരുങ്ങുകയാണ്.
മഴമൂലം അറ്റകുറ്റപ്പണികൾ നടത്താനാവുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ബുധനാഴ്ച വൈകിട്ട് ഇരുമ്പുപാലത്തിന് സമീപം 100 മീറ്റർ ദൂരം മാത്രമാണ് കുഴിയടച്ചത്. മഴയൊഴിഞ്ഞ ദിവസങ്ങളുണ്ടായിട്ടും ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴിയടയ്ക്കൽ മാത്രമാണ് നടത്തിയത്. ഇനി ഇത് അനുവദിക്കില്ലെന്ന നിലപാടിലാണ് സമരരംഗത്തുളള സംഘടനകൾ. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ കുതിരാനിൽ ഗതാഗതം വീണ്ടും ദുരിതത്തിലായി. പൂർണമായും തകർന്ന റോഡ് പിന്നിടാൻ വാഹനങ്ങൾക്ക് മണിക്കൂറുകൾ വേണ്ടിവന്നു.
കഴിഞ്ഞ ദിവസം കുഴികൾ കയറിയിറങ്ങി വന്ന ലോറിയുടെ ചക്രം റോഡിനു മറുവശത്തേക്ക് തെറിച്ച് തലനാരിഴയ്ക്ക് അപകടം ഒഴിവായിരുന്നു. കൂടുതൽ ചക്രങ്ങൾ ഉള്ള ലോറിയായതിനാൽ രക്ഷപ്പെട്ടു. 12 ചക്രങ്ങളുള്ള ലോറിയുടെ മുൻഭാഗത്ത് ഡ്രൈവറുടെ വശത്തുള്ള ചക്രമാണ് ഉരുണ്ടുനീങ്ങിയത്. വലിയ കുഴികളിൽ വീണ് വാഹനങ്ങൾ വഴിയിൽ കിടക്കുന്നതും പതിവാണ്. ഡൽഹിയിൽ നിന്ന് അടക്കമുള്ള കണ്ടെയ്‌നർ ലോറികൾ ഇതുവഴി വരാറുണ്ട്. പാലക്കാട്ടേക്കുളള യാത്രക്കാർ മറ്റുവഴികളും തേടുന്നുണ്ട്. തൃശൂരിൽ നിന്ന് കുതിരാനിലൂടെ പാലക്കാട്ടേക്കുള്ള ദൂരം 68 കിലോമീറ്ററാണ്. വടക്കാഞ്ചേരി, ഒറ്റപ്പാലം, പത്തിരിപ്പാലം വഴിയാണെങ്കിൽ 12 കിലോമീറ്റർ അധികം സഞ്ചരിച്ചാൽ മതി. തിരുവില്വാമല ലക്കിടി കൂട്ടുപാത വഴിയാണെങ്കിലും ഏതാണ്ട് ഇതേദൂരമാണ്. പഴയന്നൂർ, ആലത്തൂർ വഴി ദൂരം കൂടും.

124 ബസുകൾ ഓടിയില്ല

തൃശൂർ പാലക്കാട് ദേശീയപാത സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ സ്വകാര്യബസുകളുടെ പണിമുടക്ക് പൂർണ്ണമായിരുന്നു. ബസ് ഉടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിക്ക് കീഴിൽ 124 ബസുകൾ ബസുകൾ സർവീസ് നടത്തിയില്ലെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ബസ് സമരത്തിന് ഓൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന റിലേ നിരാഹാര സമരം 11 ദിവസം പിന്നിട്ടു. വള്ളിയോട് സെന്റ് മേരീസ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ ഇരുമ്പുപാലത്തെ സമരപ്പന്തലിലെത്തി.

............................................................

'' ബി.എം.എസ്, സി.ഐ.ടി.യു. സംഘടനകൾ ശക്തമായി രംഗത്തുണ്ട്. ഐ.എൻ.ടി.യു.സിയുടെ പിന്തുണയുമുണ്ട്. സമരം വ്യാപിപ്പിക്കുന്നതിനുളള ആലോചനായോഗം ഇന്ന് നടക്കും. ''

ബിബിൻ ആലപ്പാട്ട്, ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ്

......................................................

'' സ്വകാര്യബസ് സമരം കണക്കിലെടുത്ത് പത്ത് ഓർഡിനറി ബസുകളും അഞ്ച് ഫാസ്റ്റ് പാസഞ്ചറുകളും തൃശൂർ പാലക്കാട് പാതയിൽ സർവീസ് നടത്തി. പ്രതീക്ഷിച്ചതുപോലെ യാത്രക്കാർ ഉണ്ടായില്ല. ''

കെ.ടി.സെബി, ഡി.ടി.ഒ., കെ.എസ്.ആർ.ടി. തൃശൂർ ഡിപ്പോ