തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഭാഗമായ നീന്തൽ മത്സരങ്ങളിൽ 70 സ്വർണം വാരിയെടുത്ത് ചാമ്പ്യന്മാരായി തലസ്ഥാനത്തിൻ്റെ ചുണക്കുട്ടികൾ. 69 വെള്ളിയും 30 വെങ്കലവും ഇവർ സ്വന്തമാക്കി. മൊത്തം 648 പോയിന്റുകളാണ് തിരുവനന്തപുരം വാരിക്കൂട്ടിയത്.
രണ്ടാം സ്ഥാനത്തുള്ള എറണാകുളം 160 പോയിന്റാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തിന് 147 പോയിന്റും നാലാം സ്ഥാനത്തുള്ള തൃശൂരിന് 60 പോയിന്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എറണാകുളം 16 സ്വർണവും 10 വെളളിയും 27 വെങ്കലവും നേടി. കോട്ടയം 15 സ്വർണവും 12 വെള്ളിയും 12 വെങ്കലവും നേടി.
14 റെക്കാഡുകൾ പിറന്നു. മികച്ച സ്‌കൂളിനുള്ള ചാമ്പ്യൻഷിപ്പിന് കളമശേരി രാജഗിരി ഹൈസ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 10 സ്വർണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 67 പോയിന്റ് നേടിയാണ് ചാമ്പ്യൻഷിപ്പ് നേടിയത്. തിരുവനന്തപുരം പിരപ്പൻകോട് ഗവ. വി.എച്ച്.എസ്.എസ് 55 പോയിന്റ് നേടി രണ്ടാംസ്ഥാനം നേടി. ആറ് സ്വർണവും എട്ട് വെള്ളിയും ഒരു വെങ്കലവുമാണ് നേട്ടം. തിരുവനന്തപുരം തിരുവല്ലം ബി.എൻ.വി.വി എച്ച്.എസ്.എസ് 50 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. ആറ് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം.