തൃശൂർ : ഭവാനി ദളത്തിലെ നാല് ജനകീയ വിമോചന ഗറില്ലാസേനാ അംഗങ്ങളെ കൊല ചെയ്ത ഭരണകൂടത്തിന്റെ ഭീകര നടപടിയെ മുഴുവൻ മനുഷ്യസ്‌നേഹികളും അപലപിക്കണമെന്ന് സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘടനാവക്താവ് ജോഗിയുടെ പേരിലാണ് പ്രസ്താവന. അട്ടപ്പാടിയിൽ നാലുപേരുടെ മരണത്തിന് ശേഷം ആദ്യമായാണ് മാവോയിസ്റ്റുകൾ പ്രതികരിക്കുന്നത്.
തണ്ടർ ബോൾട്ട് സേനയുടെ വ്യാജ ഏറ്റുമുട്ടൽ അരുംകൊലകൾ അവസാനിപ്പിക്കുന്നതിനും കൊലയാളികൾക്ക് മാർഗനിർദ്ദേശം നൽകുന്ന ഉദ്യോഗസ്ഥ മേധാവികളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും തുറന്നുകാട്ടി അർഹമായ ശിക്ഷ നേടിക്കൊടുക്കുന്നതിനും ബഹുജനങ്ങൾ മുന്നോട്ട് വരണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരള സർക്കാർ പടുക്കയിലും വൈത്തിരിയിലും മാഞ്ചിക്കണ്ടിയിലും കൊലപാതക പരമ്പരകൾ നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അതിനെയെല്ലാം ന്യായീകരിച്ച് കൊലയാളി ഭരണകൂടത്തിന്റെ നായകനാകുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ മാത്രമല്ല ഈ ഭരണത്തിന്റെ ഇരകൾ. ഇതിനകം 32 ഓളം ലോക്കപ്പ് മരണം നടന്നു. സ്ത്രീകളും പിഞ്ചുകുട്ടികളും വരെ വർദ്ധിതമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായി. വാളയാർ പെൺകുട്ടികളുടെ കൊലയാളികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയ ഇവരുടെ ജാഗ്രത മാത്രം മതി തനിനിറം വെളിപ്പെടാൻ. മാവോയിസ്റ്റ് വേട്ടയുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികളാണ്.