മാള: ജീവിതം യാതനകളാൽ ഇരുൾ നിറഞ്ഞെങ്കിലും കാഴ്ചക്കാരുടെ മനം കവരുന്ന വർണം ചാലിക്കാൻ മനുവിന് ഒന്നരക്കൈ മതി. പത്തനാപുരം ചേകം സ്വദേശിയായ ഈ 37 കാരൻ ഇടംകൈ കൊണ്ട് ചിത്രം വരയ്ക്കുമ്പോൾ വലംകൈ മടക്കിൽ സൂക്ഷിക്കുന്ന നിറങ്ങൾ അവയ്ക്ക് വർണ്ണം പകരും. മനസിൽ തെളിയുന്ന ചിത്രങ്ങൾ ഒന്നരക്കൈയുടെ ബലത്തിൽ കാൻവാസിലേക്ക് പകരുമ്പോൾ മനു എല്ലാ വേദനയും മറക്കും. പത്താം ക്ലാസ് പാസായെങ്കിലും ദാരിദ്ര്യം കാരണം തുടർ പഠനത്തിന് പോകാതെ പെയിന്റിംഗ് ജോലിക്കിറങ്ങി. ജന്മനാ വലതുകൈയ്ക്ക് പ്രശ്നമുണ്ട്. വികലാംഗനായതിനാൽ പല സ്ഥലത്തും ജോലി ലഭിച്ചില്ല. ഒന്നിനും സാധിക്കില്ലെന്ന് കരുതി മനസ് മടുത്തുപോയ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് മനു പറയുന്നു. എന്നാൽ തന്നേക്കാൾ മോശം അവസ്ഥയിൽ ജോലി ചെയ്തിരുന്നവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രയത്നിക്കുകയായിരുന്നു. സ്കൂൾ കാലം മുതലേ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. ഗുരുനാഥനായ ആർട്ടിസ്റ്റ് മോഹൻ മണിമല കഴിവുകൾ കണ്ട് ചിത്രകലയിലെ പാഠങ്ങൾ പറഞ്ഞുതന്നു. ജീവിത സാഹചര്യത്താൽ ദീർഘകാലമായി ചിത്രകലയോട് അകലം പാലിച്ച മനുവിനെ കെ.ബി ഗണേഷ് കുമാർ എം.എൽ.എയാണ് പൊതുജന മദ്ധ്യത്തിലേക്ക് അവതരിപ്പിച്ചത്. എം.എൽ.എ പത്തനാപുരത്തെ ഒരു വിദ്യാലയത്തിന്റെ മതിലിൽ ചിത്രം വരയ്ക്കാൻ ചുമതലപ്പെടുത്തിയതോടെ കാര്യങ്ങൾ മാറി. ഈ ചിത്രം മനുവിന്റെ ജീവിതത്തിന് വർണം പകർന്നു. പിന്നീട് വർണ്ണങ്ങളുമായി സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു. ഇപ്പോൾ വെണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ മഹാത്മാ മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന നാല് ചിത്രങ്ങൾ മനുവിന്റേതാണ്. മഹാത്മാഗാന്ധി നടത്തിയ സമര പോരാട്ടങ്ങളുടെ വീറും വാശിയും ചോർന്നുപോകാതെ നിറം പകർന്നപ്പോൾ മനുവിന്റെ ജീവിതത്തിനും പുതുവെളിച്ചമായി. ദണ്ഡിയാത്ര, ഉപ്പുസത്യഗ്രഹം, സബർമതിയുടെ ചരിത്രവുമെല്ലാം ഇവിടെയുണ്ട്. സ്വന്തമായി നിർമ്മിച്ച ചായക്കൂട്ടുകളാണ് ചിത്രങ്ങൾക്കായി ഉപയോഗിച്ചത്. കൃഷിക്കാരനായ അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് മനുവിന്റെ കുടുംബം. ഭാര്യ രഞ്ചു വീട്ടു ജോലികൾക്ക് പോകുന്നു. എട്ടര സെന്റ് സ്ഥലത്തെ ഓട് മേഞ്ഞ വീട്ടിലാണ് താമസം. മക്കൾ: നിസി, മെസി.