തൃശൂർ: കലാ– സാംസ്‌കാരിക സ്ഥാപനമായ ചേതനയുടെ സിൽവർ ജൂബിലി ദേശീയ അവാർഡ് പിന്നണി ഗായകനായ ഡോ. എസ്.പി ബാലസുബ്രണ്യത്തിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ചേതന സൗണ്ട് സ്റ്റുഡിയോയുടെ സ്ഥാപകൻ ഫാ. പോൾ ആലേങ്ങാട്ടുകാരന്റെ ഓർമയ്ക്കായുള്ള നാഷണൽ ഓഡിയോ എക്‌സലൻസ് അവാർഡ് റസൂൽ പൂക്കുട്ടിക്ക് നൽകും. അമ്പതിനായിരം രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഏഴ് യുവകലാപ്രതിഭകളെ യുവചേതന അവാർഡ് നൽകി ആദരിക്കും. വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം– കർണ്ണാടക സംഗീതം), രത്‌നശ്രീ അയ്യർ (തബല–ഹിന്ദുസ്ഥാനി സംഗീതം), ബി. കെ ഷഫീക്കുദീൻ (ഭരതനാട്യം–ശാസ്ത്രീയ നൃത്തം), റോബിൻ തോമസ് (പിയാനോ–പാശ്ചാത്യസംഗീതം), ശരത് മോഹൻ (ശബ്ദലേഖനം–മിശ്രണം), ആർ. ജെ നീന (മീഡിയ), സിബി ജോസ് ചാലിശേരി (സിനിമ) എന്നിവർക്ക് പതിനായിരം രൂപയും ഫലകവും നൽകും. കേരളത്തിലെ മികച്ച ശബ്ദ സാങ്കേതിക മികവു പുലർത്തുന്ന സിനിമാ തിയേറ്ററിനും ചേതന സിൽവർ ജൂബിലി അവാർഡ് നൽകും. എസ്. പോൾ, എം. പി സുരേന്ദ്രൻ, ഡോ.സി. കെ തോമസ്, ഫാ. പോൾ പൂവ്വത്തിങ്കൽ, ഫാ. തോമസ് ചക്കാലമറ്റത്ത് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ദേവമാതാ സ്‌കൂൾ ഗ്രൗണ്ടിൽ നവംബർ 17ന് ചേതന സിൽവർ ജൂബിലി സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ഫാ. പോൾ പൂവ്വത്തിങ്കൽ, ഫാ. ബെന്നി ബെനഡിക്ട്, ഡോ.സി.കെ തോമസ്, ബേബി മൂക്കൻ, സി. ജെ ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.