തൃശൂർ: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അരവിന്ദിന്റെ സഹോദരനാണെന്ന് അവകാശപ്പെട്ട് കർണാടക, ചിക്കമംഗലൂർ സ്വദേശി മഞ്ജുനാഥ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ എത്തിയത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. സഹോദരനെ കാണണമെന്ന് നിർബന്ധം പിടിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇയാൾ അരവിന്ദിന്റെ മൃതദേഹം പരിശോധിച്ചെങ്കിലും സഹോദരനല്ലെന്ന് പറഞ്ഞ് മടങ്ങി.

പിന്നീട് ഇയാളുടെ അഭിഭാഷകൻ്റെ നിർദ്ദേപ്രകാരം തിരികെയെത്തി കൊല്ലപ്പെട്ട കാർത്തിയുടെ മൃതദേഹവും കാണാൻ അനുമതി ചോദിച്ചു. പൊലീസിൻ്റെ അനുവാദം ലഭിച്ച് കാർത്തിയുടെ മൃതദേഹം കണ്ടയുടൻ ഇയാൾ പൊട്ടിക്കരഞ്ഞു. ഇരുപത് വർഷം മുമ്പ് വീട് വിട്ടുപോയ സഹോദരൻ സുരേഷാണ് കാർത്തിയെന്ന പേരിൽ മാവോയിസ്റ്റ് പ്രവർത്തകനായതെന്ന് ഇയാൾ പറഞ്ഞു. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കാർത്തിയുടെ മൃതദേഹം കഴിഞ്ഞദിവസം സഹോദരൻ മുരുകേശൻ കണ്ടിരുന്നെങ്കിലും തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരുന്നുവെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ, ബന്ധുക്കളെന്ന് അവകാശപ്പെടുന്നവരെ വിളിച്ചുവരുത്തി മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടത്താനാണ് പൊലീസിൻ്റെ തീരുമാനം. ഇതോടെ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ അനിശ്ചിതത്വം മുറുകി. രമയുടെ മൃതദേഹങ്ങൾ കാണാൻ ആരും എത്തിയിട്ടില്ല. തിങ്കളാഴ്ച വരെ മൃതദേഹങ്ങൾ മറവു ചെയ്യരുതെന്ന് കോടതി നിർദ്ദേശവുമുണ്ട്.