കൊടുങ്ങല്ലൂർ: പുനരധിവാസം വാഗ്ദാനം ചെയ്ത് കാവിൽക്കടവ് ലാൻഡിംഗ് പ്‌ളേസിൽ നിന്നും എഴ് വർഷം മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നഗരസഭ കൗൺസിലർമാർ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. നഗരസഭയെ വിശ്വസിച്ച് കൂര വിട്ടൊഴിഞ്ഞ സാധാരണക്കാരായ ഈ കുടുംബങ്ങൾ ഭീമമായ തുക വാടക കൊടുത്താണ് ഈ കാലയളവ് വരെ താമസിച്ചിരുന്നത്. തീരെ നിവൃത്തിയില്ലാതെ ആറ് കുടുംബങ്ങൾ വെള്ളവും വെളിച്ചവും മറ്റു സൗകര്യവും ഇല്ലാതിരുന്നിട്ടും ഫ്‌ളാറ്റ് സ്‌കെൽട്ടനിൽ ശ്വാസം മുട്ടി കഴിയുകയാണ്.
പുനരധിവാസം ഉറപ്പാക്കാൻ വാർഡ് കൗൺസിലർ രേഖ സൽപ്രകാശ്, പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിന്റെ തുടർച്ചയായി ഫ്‌ളാറ്റ് നിർമ്മാണത്തിന് ഉറപ്പു നൽകിയെങ്കിലും പ്രശ്‌ന പരിഹാരമില്ലാതെ പോകുന്ന സാഹചര്യത്തിലാണ് ബി.ജെ.പി വീണ്ടും സമരമുഖത്തെത്തിയതെന്നും കൗൺസിലർമാർ പറഞ്ഞു. ചെയർമാൻ കെ.ആർ ജൈത്രന്റെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ജനുവരി 20 ന് ശിലാസ്ഥാപനം നടത്തുകയും പത്ത് മാസത്തിനുള്ളിൽ ഫ്‌ളാറ്റ് നിർമ്മാണം പൂർത്തികരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഉടനടി ഫ്‌ളാറ്റ് നിർമ്മാണം പൂർത്തിയാക്കി പാവപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ അജിഘോഷ് പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഒ.എൻ ജയദേവൻ സ്വാഗതം ആശംസിച്ചു. ടി.എസ് സജീവൻ, ശാലിനി വെങ്കിടേഷ്, ഡോ. ആശാലത, ഐ.എൽ ബൈജു എന്നിവർ പ്രസംഗിച്ചു. എം.ജി പ്രശാന്ത് ലാൽ, കെ.എസ് ശിവറാം, കെ.എ സുനിൽകുമാർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
ബി.ജെ.പി സമരം പരിഹാസ്യമെന്ന് ചെയർമാൻ
കൊടുങ്ങല്ലൂർ: നഗരസഭയിലെ കാവിൽക്കടവിൽ 12 കുടുംബങ്ങൾക്കായി ഫ്‌ളാറ്റ് നിർമ്മിക്കുന്ന പണി ആരംഭിച്ച് കഴിഞ്ഞ ശേഷം ഫ്‌ളാറ്റ് നിർമ്മിക്കണമെന്ന ആവശ്യവുമായി നഗരസഭയ്ക്ക് മുമ്പിൽ സമരം നടത്തിയത് ജനങ്ങളെ കബളിപ്പിക്കാനെന്ന് ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. നേരത്തെ നിർമ്മിച്ച ഫ്‌ളാറ്റിൽ ഇപ്പോൾ ആറ് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എൽ.ഡി.എഫ് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ചു നൽകുമെന്നത്. അത് പ്രകാരം അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.20 കോടി രൂപ അനുവദിച്ച്, ഫ്‌ളാറ്റ് നിർമ്മിക്കുവാൻ കോസ്റ്റ് ഫോർഡിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. തീവ്രമായ മഴ പണിക്ക് തടസമായെങ്കിലും കഴിഞ്ഞ ആഴ്ച്ച മുതൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചതാണ്. ഫ്‌ളാറ്റ് പണി ആരംഭിച്ച് കഴിഞ്ഞ ശേഷം സമരം നടത്തിയത് വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്ന് എൽ.ഡി.എഫ് നേതാക്കളായ കെ.എസ് കൈസാബ്, സി.കെ രാമനാഥൻ എന്നിവർ പറഞ്ഞു. സമരത്തിൽ ഗുണഭോക്താക്കളിൽ ഒരാൾ പോലും പങ്കെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി..