കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ.കെ രമേഷ് ബാബുവിനെ സംസ്ഥാന ഇലക്‌ഷൻ കമ്മിഷണർ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ തടഞ്ഞു. രമേഷ് ബാബുവിനായി അഡ്വ. സുനിൽ ജേക്കബ് ജോസ് ഹാജരായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ഷാഫിയെ അയോഗ്യനാക്കിയ നടപടിയും നേരത്തെ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ തടഞ്ഞിരുന്നു. ഇതിന് പിറകെയാണ് രമേഷ് ബാബുവിന് അയോഗ്യത കൽപ്പിച്ച് ഉത്തരവുണ്ടായത്. പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ കൂറ് മാറ്റം ചൂണ്ടിക്കാട്ടി നൽകിയ പരാതികളുടെ അടിസ്ഥാനത്തിലുണ്ടായ നടപടിയാണ് ഇപ്പോൾ അസാധുവാക്കിയത്. നൽകാത്ത വിപ്പ് വ്യാജമായി ഉണ്ടാക്കി, നൽകാത്ത വിപ്പ് ലംഘിച്ചതായി തെറ്റിദ്ധരിപ്പിച്ചും ഒപ്പ് വ്യാജമായി ചമച്ചുമാണ് സി.പി.എമ്മും സി.പി.ഐയും സംസ്ഥാന ഇലക്‌ഷൻ കമ്മിഷണറിൽ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചതെന്നാണ് ഇരുവരും ഹൈക്കോടതിക്ക് മുന്നിൽ ബോദ്ധ്യപ്പെടുത്തി സ്റ്റേ ഉത്തരവ് നേടിയത്.