മുണ്ടൂർ: കാർ യാത്രികനായ യുവാവിനെ പിന്തുടർന്ന് കാറിലും ബൈക്കിലുമെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുണ്ടൂർ മൈലാംകുളം പുളിക്കൽ വീട്ടിൽ സന്തോഷ്‌ കുമാറിനെ (40) അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴോടെ മുണ്ടൂർ സൽസബീൽ സ്‌കൂളിന് സമീപത്തായിരുന്നു ആക്രമണം.

കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ സംഘം ബൈക്ക് കാറിനെ മറി കടന്ന് മുന്നിൽ നിറുത്തി സന്തോഷ്‌ കുമാറിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈകാലുകൾക്കും വെട്ടേറ്റിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് വിദേശത്തായിരുന്ന ഇയാൾ അവധിക്ക് നാട്ടിലെത്തിയത്. ആക്രമണത്തിന് ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. തടയാൻ ഉപയോഗിച്ച ബൈക്ക് സന്തോഷിന്റെ കാറിനടിയിൽപെട്ടതിനാൽ ആക്രമികൾക്ക് കൊണ്ടു പോവാനായില്ല. വിദേശത്തുള്ളപ്പോഴത്തെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.