മാള: പൊയ്യ ലാ കോളേജിൽ വിദ്യാർത്ഥിനിയെ റാഗിംഗ് നടത്തിയെന്ന സംഭവത്തിൽ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മാള പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാള ഇന്ദിരാഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് മാള സി.ഐ. സജിൻ ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് കെ.എസ്.യു പ്രവർത്തകർ റോഡിൽ ധർണ നടത്തി.
സമരം കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, ഡി.സി.സി സെക്രട്ടറി എ.എ അഷ്‌റഫ്, ഒ.ജെ ജെനീഷ്, ഹക്കിം ഇക്ബാൽ, അഡ്വ. നിർമ്മൽ സി. പാത്താടൻ, ഔസേപ്പച്ചൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. കൊടുങ്ങല്ലൂർ തഹസിൽദാർ ജെസി വർഗീസ് സ്ഥലത്തുണ്ടായിരുന്നു.
ലാ കോളേജിനെ തകർക്കാൻ എസ്.എഫ്.ഐ ശ്രമമെന്ന്
മാള: കോൺഗ്രസ് നേതാവ് കൂടിയായ ഔസേപ്പച്ചൻ അമ്പൂക്കന്റെ ഉടമസ്ഥതയിലുള്ള പൊയ്യ എ.ഐ.എം ലാ കോളേജിനെ തകർക്കാനാണ് എസ്.എഫ്.ഐയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണൻ പറഞ്ഞു. വിദ്യാർത്ഥിനിയുടെ റാഗിംഗ് പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ചിന് ശേഷം നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ നിർദേശം അനുസരിച്ചാണ് പൊലീസ് കേസ് എടുക്കാതിരുന്നതെന്നും സ്ഥാപനത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.യു രാധാകൃഷ്ണൻ പറഞ്ഞു. എന്നും സ്വാശ്രയ സ്ഥാപനങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചിരുന്ന എസ്.എഫ്.ഐയും സി.പി.എമ്മും ഇപ്പോൾ അവർക്ക് വേണ്ടി രംഗത്ത് വരുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. റാഗിംഗ് പരാതി സ്വീകരിക്കാത്ത പൊലീസിനെതിരെ കൂടുതൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ടി.യു രാധാകൃഷ്ണൻ വ്യക്തമാക്കി.
റാഗിംഗ് സംബന്ധിച്ച പരാതി ക്രമപ്രകാരം ലഭിച്ചിട്ടില്ലെന്ന്
മാള: റാഗിംഗ് സംബന്ധിച്ച പരാതി ക്രമപ്രകാരം പൊലീസിന് കൈമാറിയിട്ടില്ലെന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ് പറഞ്ഞു. വിദ്യാർത്ഥിനി പ്രിൻസിപ്പലിന് നൽകുന്ന പരാതി ആന്റി റാഗിംഗ് സമിതിയുടെ ശുപാർശ പ്രകാരമാണ് പൊലീസിന് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോളേജിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട പരാതി പ്രകാരം മൊഴിയെടുത്തപ്പോൾ റാഗിംഗ് സംബന്ധിച്ച് പെൺകുട്ടി പറഞ്ഞിരുന്നില്ല. അതിന് മുമ്പ് നടന്ന റാഗിംഗ് സംബന്ധിച്ച് പൊലീസിന് മൊഴി നൽകിയിട്ടില്ലെന്നും ക്രമപ്രകാരം പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും ഡിവൈ.എസ്.പി കേരളകൗമുദിയോട് പറഞ്ഞു.