തൃശൂർ: ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന എറണാകുളത്തെ മൂന്നാമത്തെ പിറ്റ് ലൈനിന്റെ ശേഷിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കാനുള്ള പണം ദക്ഷിണ റെയിൽവേ അനുവദിച്ച സാഹചര്യത്തിൽ ആറ് ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താനുളള പിറ്റ് ലൈൻ രണ്ടുമാസത്തിനകം പ്രവർത്തനം തുടങ്ങും. അങ്ങനെയെങ്കിൽ പുതുവർഷത്തിൽ പുതിയ ട്രെയിനുകൾ ഉണ്ടാകുമെന്ന് ഉറപ്പായി.
മോട്ടോർ വാഹനങ്ങളുടേതു പോലെ ട്രെയിനുകളുടെ അടിയിലെ അറ്റകുറ്റപ്പണികൾ തീർക്കാനുളള സൗകര്യമുളള പിറ്റ് ലൈൻ തിരുവനന്തപുരം കൊച്ചുവേളിയിലും എറണാകുളത്തുമാണുള്ളത്. മലബാറിൽ പൂർണമായ സൗകര്യങ്ങൾ ഉള്ള പിറ്റ് ലൈൻ എവിടെയും ഇല്ല. ഷൊർണൂരിൽ ഉള്ളത് 14 കോച്ചുകളുടെ മാത്രം അറ്റകുറ്റപണികൾക്കുള്ളതാണ്. നിശ്ചിത കിലോമീറ്റർ പൂർത്തിയായാൽ ട്രെയിനുകൾക്ക് അറ്റകുറ്റപ്പണികൾ നിർബന്ധമായും ചെയ്തിരിക്കണം.
എറണാകുളത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന രണ്ട് പിറ്റ് ലൈൻ ഉണ്ടെങ്കിലും എല്ലാ ട്രെയിനുകളുടെയും പണി പൂർത്തീകരിക്കാൻ കഴിയാറില്ല. ആറ് മണിക്കൂറോളം വരും ഒരു ട്രെയിനിൻ്റെ സർവീസിന്. പാർക്കിംഗ് ലൈനുകളും വേണം. കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ അനുവദിക്കുന്നതിന് പ്രധാന തടസവും ഇതായിരുന്നു. ഈയിടെ ചാർജ് എടുത്ത ജനറൽ മാനേജർ ഇക്കാര്യം സജീവമായി പരിഗണിച്ചതോടെയാണ് മൂന്നാം പിറ്റ് ലൈൻ നിർമ്മാണത്തിന് ജീവൻ വെച്ചത്. കഴിഞ്ഞ മാസം 30 ന് ചെന്നൈയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് 3.5 കോടി അനുവദിച്ച് തീരുമാനമായത്. ആവശ്യപ്പെട്ട ട്രെയിനുകളിൽ രാമേശ്വരം സ്പെഷ്യൽ ട്രെയിനും സേലം ഇൻ്റർസിറ്റിയും പ്രതിദിനമാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ബാക്കിയുളളവ പ്രതിവാരമായിരിക്കും.
..................................................
ആദ്യഘട്ടത്തിൽ പരിഗണിക്കേണ്ട ട്രെയിനുകൾ
എറണാകുളം- പാലക്കാട്, പൊള്ളാച്ചി, ദിണ്ഡിഗൽ, മധുര വഴി രാമേശ്വരം
എറണാകുളം - കൊല്ലം തെങ്കാശി, വിരുമു നഗർ, മൻമാദുരൈ, തൃശിനാപ്പിള്ളി വഴി വേളാങ്കണ്ണി
എറണാകുളം - കൊങ്കൺ വഴിയായി അഹമ്മദാബാദിലേക്ക് ഹംസഫർ എക്‌സ്പ്രസ്
എറണാകുളം- പാലക്കാട്, സേലം, വൃദ്ധാചലം, വില്ലുപരം വഴി പോണ്ടിച്ചേരി
എറണാകുളം- ബംഗ്‌ളൂരു വഴി ഹൈദരാബാദ്
എറണാകുളം- പാലക്കാട്, കോയമ്പത്തൂർ വഴി സേലം ഇന്റർസിറ്റി
....................................
''രണ്ട് മാസത്തിനുള്ളിൽ പിറ്റ് ലൈൻ പൂർത്തിയാകുന്ന സാഹചര്യത്തിൽ അടുത്തവർഷം ആരംഭത്തോടെ എറണാകുളത്ത് നിന്നും പുതിയ ട്രെയിനുകൾ ഉണ്ടാകണം. ഹൗറ- എറണാകുളം പ്രതിവാര അന്ത്യോദയ എക്‌സ്പ്രസ് പ്രതിദിന സർവീസാക്കി മാറ്റുകയും വേണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും ജനപ്രതിനിധികളും റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തണം. പിറ്റ് ലൈനിന്റെ ജോലി പൂർത്തിയാക്കാനുള്ള പണം അനുവദിച്ച ദക്ഷിണ റെയിൽവേ അധികൃതരെ അഭിനന്ദിക്കുന്നു''
-പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ. (ദക്ഷിണറെയിൽവേ ഉപദേശക സമിതി അംഗം)