തൃശൂർ: മാനസിക വളർച്ച കുറവുള്ള പെൺകുട്ടിക്ക് ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ മാനസിക വൈകല്യമുള്ളവർക്കുള്ള പെൻഷൻ ലഭിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ ധനസഹായം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഒരു ലക്ഷം രൂപ കുട്ടിയുടെ രക്ഷാകർത്താവിന്റെ പേരിൽ ദേശസാത്കൃത ബാങ്കിൽ നിക്ഷേപിച്ച ശേഷം കുട്ടിയുടെ സംരക്ഷണത്തിനായി തുകയുടെ പലിശ പ്രതിമാസം പിൻവലിക്കാൻ അനുമതി നൽകണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് റവന്യൂ സെക്രട്ടറിക്കും കളക്ടർക്കും നിർദ്ദേശം നൽകി.

ചാലക്കുടി സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.

പരാതിക്കാരൻ്റെ മകൾക്കാണ് 70 ശതമാനം ബുദ്ധിമാന്ദ്യമുള്ളത്. വാർഷിക വരുമാനം 60,000 രൂപ മാത്രമാണ്. ആധാർ സെന്ററിൽ കുട്ടിയെ കൊണ്ടുപോയി രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു. ചാലക്കുടി നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ മകൾക്ക് ആധാർ കാർഡ് ലഭിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവന സോഫ്റ്റ് വെയറിലാണ് പെൻഷൻ എൻട്രി വരുത്തേണ്ടത്. അപേക്ഷകന്റെ ആധാർ നമ്പരാണ് ആദ്യം ചേർക്കേണ്ടത്. അതിന്റെ ആധികാരികത പരിശോധിച്ച ശേഷം മാത്രമേ തുടർ വിവരങ്ങൾ രേഖപ്പെടുത്താനാകുകയുള്ളൂ. ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടിക്ക് സർക്കാർ അനുവദിച്ച പെൻഷൻ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.