തൃശൂർ: കൗമാര ശാസ്ത്രപ്രതിഭകളെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം ഇന്ന് കുന്നംകുളത്ത് ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന ശാസ്‌ത്രോത്സവത്തിൽ 350 ഓളം ഇനങ്ങളിലായി 12,000 പ്രതിഭകൾ മാറ്റുരയ്ക്കും. പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തുന്ന ശാസ്‌ത്രോത്സവം അഞ്ചിന് സമാപിക്കും.
രാവിലെ 10 മുതൽ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ വേദികളിൽ പ്രദർശനങ്ങളും ഉണ്ടാകും. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭ ടൗൺഹാളിൽ വൊക്കേഷണൽ എക്‌സ്‌പോ, കരിയർ ഫെസ്റ്റ്, കരിയർ സെമിനാർ എന്നിവ സംഘടിപ്പിക്കും. എക്‌സ്‌പോ പ്രദർശനത്തോടൊപ്പം വിപണനവും ഉണ്ടാകും. മത്സരങ്ങളുടെ വിവരങ്ങളും ഫല പ്രഖ്യാപനവും വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും.
ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര, ഐടി പ്രവൃത്തിപരിചയ മേളകളാണ് നടക്കുക. ഇന്ന് രാവിലെ 9 ന് കുന്നംകുളം നഗരസഭ ടൗൺഹാളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തും. 9.30 ന് അതേവേദിയിൽ തദ്ദേശമന്ത്രി എ. സി മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും.
കൃഷിമന്ത്രി വി. എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. അഞ്ചിന് വൈകീട്ട് നാലിന് നഗരസഭ ടൗൺഹാളിൽ രമ്യ ഹരിദാസ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എം.പി സമ്മാനദാനം നിർവഹിക്കും. കോർപറേഷൻ മേയർ അജിത വിജയൻ ശാസ്‌ത്രോത്സവ രേഖ പ്രകാശനം ചെയ്യും.
350 ഓളം ഇനങ്ങൾ
12,000 പ്രതിഭകൾ
5 വേദികൾ
കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ
ബഥനി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്
പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്.എസ്
ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്
കുന്നംകുളം ബി.സി.ജി.എച്ച്.എസ്.എസ്