road-near-track
1. റെയിൽവെ ട്രാക്കിന്റെ സമീപത്തെ റോഡ്.

കൊടകര: ആളൂരിൽ നിന്നും പൊരുന്നംകുന്നിലേക്ക് എളുപ്പത്തിലെത്താൻ റെയിൽവേ ട്രാക്കിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യം ഉയരുന്നു. നിലവിൽ മേൽപ്പാലത്തിലൂടെ പോകുമ്പോൾ 4 കിലോമിറ്റർ ദൂരത്തോളം ചുറ്റിവളഞ്ഞുവേണം ഇവിടെയെത്താൻ. ട്രാക്കിന്റെ ഇരുവശവും റോഡ് വന്ന് നിൽക്കുന്നുണ്ടെങ്കിലും റെയിൽവേയുടെ അനുമതി കിട്ടിയാൽ 50 മീറ്റർ മാത്രം റോഡ് നിർമിച്ചാൽ ഇരുറോഡുകളും തമ്മിൽ കൂട്ടിചേർക്കാനാകും.

നൂറുകണക്കിന് പ്രദേശവാസികളാണ് ട്രാക്കിന് കുറുകെ സഞ്ചരിച്ച് എളുപ്പത്തിൽ ആളൂരിലേക്ക് നിത്യേന എത്തുന്നത്. ഹരിജൻ കോളനി ഉൾപ്പെടെ 500ൽ പരം കുടുംബങ്ങൾക്ക് ഈ അടിപ്പാത പ്രയോജനകരമാകും. കാരൂർ, വെള്ളാംചിറ എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗവുമാകും ഇത്. സെന്റ് ജോൺ ബർക്ക്മാൻസ് സ്‌കൂളിലേക്ക് 100ൽ പരം കുട്ടികൾ ഇവിടെ നിന്നും പഠിക്കാനായി എത്തുന്നുണ്ട്. നിരവധി കോളേജ് വിദ്യാർത്ഥികൾ ഇതിലൂടെയാണ് ആളൂരിലേക്കും മറ്റ് ദൂരസ്ഥലങ്ങളിലേക്കും പോകുന്നത്.

അമ്പലങ്ങൾ, മുസ്‌ലിം പള്ളി, ക്രിസ്ത്യൻ പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന വിശ്വാസികളും റെയിൽവെ ട്രാക്ക് കടന്നുവേണം പോകാൻ. എട്ടുവർഷത്തിനിടെ മാത്രം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ 20 ഓളം പേർ ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസിയായ ജോളി വാഴപ്പിള്ളി പറഞ്ഞു.