ചാവക്കാട്: ക്ഷോഭം കടലിൽ കെട്ടടങ്ങിയിട്ടും ദുരിതമേഖലയിലേക്ക് അധികൃതർ തിരിഞ്ഞുനോക്കിയില്ല, കടപ്പുറം പഞ്ചായത്തിലെ കടലോര മേഖലാ വാസികൾക്ക് രോഷം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലേറ്റം അനുഭവപ്പെട്ടത്. അഴിമുഖം മുതൽ തൊട്ടാപ്പ് വരെ ഏഴ് കിലോമീറ്ററോളം ദൂരമാണ് കടവെള്ളം കയറിയത്. ഏകദേശം 950 ഓളം വീടുകൾ കടൽക്ഷോഭത്തെ തുടർന്ന് വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു.
വീടുകളിൽ വെള്ളം കയറിയതോടെ പ്രദേശവാസികളിൽ പലരും ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. വ്യാഴാഴ്ച തന്നെ കടൽക്ഷോഭത്തിന് ശമനമുണ്ടായെങ്കിലും ഇതുവരെ ജനപ്രതിനിധികളോ റവന്യൂ ഉദ്യോഗസ്ഥരോ എത്തിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മുൻകാലങ്ങളിൽ കടൽക്ഷോഭം അനുഭവപ്പെട്ട പിറ്റേന്നു തന്നെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തി ക്ഷേമാന്വേഷണം നടത്താറുണ്ട്.
കടൽക്ഷോഭത്തിൽ കടപ്പുറം പഞ്ചായത്തിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. എന്നിട്ടും അടിയന്തര ധനസഹായം ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. കടൽക്ഷോഭം അനുഭവപ്പെട്ട മണിക്കൂറുകൾക്കുള്ളിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു.
ഉന്നത അധികൃതർ കടൽ ക്ഷോഭ ബാധിത മേഖല സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. എന്നാൽ സമരത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡന്റ് തന്നെ ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ലെന്നാണ് കടലോരവാസികളുടെ പരാതി
ദുരിതമേഖലകൾ
അഞ്ചങ്ങാടി വളവ്
അഴിമുഖം മുനയ്ക്കക്കടവ്
അഴിമുഖം വെളിച്ചെണ്ണപ്പടി
അഹമ്മദ് കുരുക്കൾ റോഡ്
ആശുപത്രിപ്പടി
തൊട്ടാപ്പ്
ദുരിതക്കയം
കടപ്പുറം പഞ്ചായത്തിലെ ഏഴ് കി.മി ദൂരത്തിൽ ദുരിതം
മേഖലയിലെ ഏകദേശം 950 വീടുകളിൽ വെള്ളം കയറി
ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും എത്തിയില്ല
പഞ്ചായത്തിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടക്കണക്ക്
പഞ്ചായത്ത് പ്രസിഡന്റ് പോലും എത്തിയില്ലെന്ന് പരാതി