ചാലക്കുടി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ തിങ്കളാഴ്ച നടക്കുന്ന തൃപ്പുത്തരി നിവേദ്യത്തിന് ഇനങ്ങൾ ഒരുക്കി പോട്ടയിലെ ദേവസ്വം മഠം. ഇവിടെ നിന്നും തൃപ്പുത്തരിക്കൊപ്പം മുക്കുടി നിവേദ്യത്തിനും കൂടിയാണ് സാമഗ്രികൾ കൊണ്ടുപോകുക. തൃപ്പുത്തരിയുടെ പട്ടികയിൽ നേന്ത്ര, കദളിപ്പഴങ്ങൾ ഉൾപ്പെടുന്നു. പച്ചക്കുരുമുളക്, ഇഞ്ചി, വഴുതന, ഇടിയൻ ചക്ക, മാങ്ങ, ചക്ക തുടങ്ങിയവയാണ് മുക്കുടി നിവേദ്യത്തിന്റെ ഇനങ്ങൾ.
തൃപ്പുത്തരി നിവേദ്യം കഴിച്ച കൂടൽമാണിക്യം ദേവന്റെ വയർ വേദിനിച്ചെന്നും ഇതിനു പരിഹാരമായി പിറ്റേദിവസം സേവിച്ചതാണ് മുക്കുടി നിവേദ്യമെന്നും ഐതിഹ്യം പറയുന്നു. രാജഭരണകാലത്ത് പോട്ടയിലെ എല്ലാ സ്ഥലവും കൂടൽമാണിക്യം ദേവസ്വത്തിന്റെ വകയായിരുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്യുന്നവർ തങ്ങളുടെ വിളകൾ അളന്നു ബോദ്ധ്യപ്പെടുത്താൻ ദേവസ്വത്തിന്റെ പ്രവൃത്തി കച്ചേരിയിൽ കൊണ്ടു വരുമായിരുന്നു. ദേവസ്വത്തിനുളള ചുങ്കം നെല്ലായാണ് അക്കാലത്ത് നൽകിവന്നത്.
മൂന്നു പതിറ്റാണ്ടു മുമ്പ് പൊളിച്ചുകളഞ്ഞ പ്രവൃത്തി കച്ചേരിയിലെ ഭീമൻ അറ, ഇത്തരത്തിൽ നെല്ല് ശേഖരിക്കുന്നതിന് നിർമ്മിച്ചതായിരുന്നു. കൃഷിയുടെ ചുങ്കമായി കിട്ടുന്ന കാർഷികവിളകൾ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോകുന്ന കാലം മുതൽ ആരംഭിച്ചതാണ് തൃപ്പുത്തരിക്കുള്ള തണ്ടികപ്പുറപ്പാട്. പിന്നീട് അതിൽ മുക്കുടിക്കുള്ള ഇനങ്ങളും ഉൾപ്പെട്ടു. ഇപ്പോൾ ദേവസ്വത്തിന്റെ കീഴേടമായ പാമ്പാമ്പോട്ട് ക്ഷേത്രത്തിന്റെ സഹകരണത്തോടെ പ്രതിവർഷം തണ്ടിക പുറപ്പാട് നടക്കും.
ദേവസ്വത്തിന്റെ മേൽനോട്ടത്തിൽ വാളും പരിചയുമേന്തിയ ഭടന്മാരും നിറതോക്കുമായി പൊലീസും കാൽനടയായുള്ള തണ്ടിക പുറപ്പാടിന് അകമ്പടി സേവിക്കും. ഇന്നും ആചാരം ഒട്ടും തെറ്റിക്കാതെയാണ് ചടങ്ങുകൾ നടത്തുന്നതെന്ന് തണ്ടികയുടെ മേത്താൾ മാടപ്പാട്ട് അപ്പുനായർ പറഞ്ഞു. പോട്ട പ്രദേശത്തെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണമാണ് തണ്ടിക പുറപ്പാടിന് ലഭിക്കുന്നതെന്ന് പാമ്പാമ്പോട്ട് ക്ഷത്ര സമിതി പ്രസിഡന്റ് കെ.ജി. സുന്ദരൻ പറയുന്നു.