കൊടുങ്ങല്ലൂർ: നിർദ്ധന കുടുംബങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾക്ക് വീട്ടുകാർ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി ഭക്ഷണം വിളമ്പാൻ ഡി.വൈ.എഫ്.ഐ വളണ്ടിയർമാരെത്തും.

ഡി.വൈ.എഫ്.ഐയുടെ സേവന സന്നദ്ധ ജീവകാരുണ്യ സേനയായ "യൂത്ത് ബ്രിഗേഡാണ് " വ്യത്യസ്തമായ ഈ സേവന പദ്ധതി നടപ്പിലാക്കുന്നത്. ദുരിതമനുഭവിക്കുന്നവർ എവിടെയുണ്ടോ അവിടെ തങ്ങളുണ്ടെന്ന സന്ദേശം പൊതിച്ചോറിലൂടെയും, രക്തദാനത്തിലൂടെയും, തെളിയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സൗജന്യ കാറ്ററിംഗ് സർവീസിലൂടെ പകർന്ന് നൽകുന്നതെന്ന് ബ്ലോക്ക് സെക്രട്ടറി കെ.എ ഹസ്‌ഫൽ, പ്രസിഡന്റ് കെ.കെ ഹാഷിക്ക്, ട്രഷറർ ആർ.ബി രതീഷ് എന്നിവർ പറഞ്ഞു.

പരിപാടിയുടെ ലോഗോ പ്രകാശനം സംസ്ഥാന സെക്രട്ടറി എ.എ റഹിം, പ്രസിഡന്റ്‌ എസ്. സതീഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി രാജേഷ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സ്വാതി ആനന്ദ്, കെ. യു. ബിനേഷ് എന്നിവരും ബ്ളോക്ക് നേതാക്കൾക്കൊപ്പം സംബന്ധിച്ചു. ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തിൽ എം.എൽ.എ വി.കെ പ്രശാന്ത്‌ പുതിയ സംരംഭം നാടിന് സമർപ്പിക്കും.