കൊടുങ്ങല്ലൂർ: ജനപ്രതിനിധികളെ അറിയിക്കാതെ ജില്ലാ കളക്ടർ കടലാക്രമണം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിയത് വിവാദമാകുന്നു. പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളെ ഒഴിവാക്കിയുള്ള സന്ദർശനമാണ് വിവാദമായത്. വെള്ളിയാഴ്ച്ച വൈകീട്ട് എറിയാട് പഞ്ചായത്തിലെ ചന്ത, ചേരമാൻ, എടവിലങ്ങ് പുതിയ റോഡ് എന്നീ കടപ്പുറങ്ങളിലാണ് കളക്ടർ എത്തിയത്. എ.ഡി.എം, തഹസിൽദാർ എന്നിവർക്കൊപ്പമെത്തിയ കളക്ടർ ജനപ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് ആക്ഷേപം. കളക്ടർ തീരദേശം സന്ദർശിക്കുന്നുവെന്ന വിവരം കേട്ടറിഞ്ഞാണ് എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശും, ചില മെമ്പർമാരും അവിടെയെത്തിയത്. കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് റവന്യൂ അധികൃതർ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകിയതായി പരാതിയും ഉയർന്നിട്ടുണ്ട്.