തൃശൂർ : ഇടതുപക്ഷ ഭരണ കാലത്ത് ആയുധം കൊണ്ട് മാവോയിസ്റ്റുകളെ വെടിച്ചു കൊല്ലുന്നത് ഖേദകരമാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ അഭിപ്രായപ്പെട്ടു. ആയുധങ്ങളേന്തി വനാന്തരങ്ങളിൽ വിപ്ലവം നടത്താമെന്ന രീതിയോട് യോജിപ്പില്ല. തീവ്രവാദ നക്‌സലിസം കൊണ്ട് ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് യാതൊരു മാറ്റവും സംഭവിക്കില്ല. എന്ന് കരുതി ആർക്കും എവിടെയും നക്‌സലാണെന്നു കരുതി കണ്ടമാത്രയിൽ ഷൂട്ട് അറ്റ് സൈറ്റ് എന്ന നയം നടപ്പാക്കാൻ അധികാരമില്ല. ആ അധികാരം നിർവഹിക്കുന്നത് കേരളത്തിലെ പൊലീസും സർക്കാരും ആണല്ലോ. ഇതിനെ ചെറുക്കണം എന്ന നിലപാടാണുള്ളതെന്നും സി.എൻ. ജയദേവൻ പറഞ്ഞു.
മാവോയിസ്റ്റുകൾക്ക് മറുപടി വെടിയുണ്ടകളല്ല രാഷ്ട്രീയമായ പരിഹാരമാണ് എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി സച്ചിദാനന്ദന്റെ എൈക്യദാർഢ്യ സന്ദേശം കൂട്ടായ്മയിൽ വായിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. സി.പിഐ (എംഎൽ) റെഡ് ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കൻ, അഡ്വ. ആശ ഉണ്ണിത്താൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി. ബാലചന്ദ്രൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, കെ.സി. ബിജു എന്നിവർ സംസാരിച്ചു.