വടക്കാഞ്ചേരി: വർണ്ണക്കാടികളും പൂക്കാവടികളും, ആകാശം മുട്ടെ ഉയരമുള്ള നിലക്കാവടികളും വർണ്ണ വസന്തം തീർത്ത ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠിയാഘോഷത്തിൽ അലിഞ്ഞു ചേരാൻ വിവിധ ദേശങ്ങളിൽ നിന്നും ആയിരങ്ങളെത്തി. ഇരുന്നിലംകോട്, എസ്.എൻ നഗർ, മുള്ളൂർക്കര, കാഞ്ഞിരശ്ശേരി, കണ്ണംപാറ, തെക്കേക്കര, വടക്കേക്കര, കുറുമ്പലശ്ശേരി, വരവൂർ, കമ്പനിപ്പടി തുടങ്ങീ 10 കാവടി സംഘങ്ങൾ തകിലു മേളത്തിന്റെയും നാദസ്വരത്തിന്റെയും താളത്തിനൊത്ത് ചുവട് വച്ച് ക്ഷേത്രാങ്കണത്തിലെത്തി. ഓരോ സംഘങ്ങൾക്കും അനുവദിച്ച സമയവും ഊഴവുമനുസരിച്ച് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി പിരിഞ്ഞു. വൈകീട്ടും ഉത്സവത്തിന്റെ ആവർത്തനം ഉണ്ടായി. ആഘോഷ പരിപാടികളുടെ ഭാഗമായി ക്ഷേത്രത്തിൽ രാവിലെ പത്തോടെ ആരംഭിച്ച വിശേഷാൽ അന്നദാനം മൂന്ന് വരെ നീണ്ടു. അന്നദാനത്തിലും ആയിരങ്ങൾ കണ്ണികളായി. ക്ഷേത്രാങ്കണത്തിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.