ചെലവ് 5,000 രൂപ
തൃശൂർ: ഡീസലും പെട്രോളുമൊന്നും വേണ്ട, നല്ല വെയിലുണ്ടെങ്കിൽ എട്ടു മണിക്കൂർ നേരം പുല്ല് പറിക്കാനും കിളയ്ക്കാനും ഉഴുതുമറിക്കാനും പാടത്ത് ഓടിക്കാനും ഈ 'യന്തിരൻ മതി'! സൗരാേർജ്ജ ട്രാക്ടർ എന്ന 'സോളാർ ഇലക്ട്രിക് ട്രാക്ടർ' സോളാർ വോൾട്ടായിക് സെല്ലുകൾ ഉപയോഗിച്ച് സൂര്യനിൽ നിന്നുളള ഊർജ്ജം നേരിട്ട് വൈദ്യുത ഊർജ്ജമാക്കി മാറ്റിയാണ് പ്രവർത്തിക്കുന്നത്. മോണോ ക്രിസ്റ്റൽ സോളാർ പാനലിൽ നിന്ന് വാഹനങ്ങളുടേത് പോലുളള 12 വോൾട്ട് ബാറ്ററിയിലേക്കാണ് കണക്‌ഷൻ നൽകുന്നത്.
പ്രത്യേകം സ്വിച്ചുകൾ ഉപയോഗിച്ച് പുല്ല് പറിക്കുന്നതിനും കിളയ്ക്കുന്നതിനും ഉഴുകുന്നതിനുമുളള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കും. യന്ത്രം ഓടിപ്പിക്കാനും കഴിയും. ഇതിന് ചെലവ് വന്നത് വെറും 5,000 രൂപ. വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുകയാണെങ്കിൽ ട്രാക്ടറിൻ്റെ നിർമ്മാണച്ചെലവിൻ്റെ പകുതി പോലും വരില്ലെന്ന് പറയുന്നു, സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ കാർഷികോപകരണവുമായെത്തി എ ഗ്രേഡോടെ നാലാം സ്ഥാനക്കാരായ കൊല്ലം കരുനാഗപ്പളളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥികളായ അമൽദാസും അക്ഷയ ശാസ്ത്രിയും.
ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന ഡീസൽ വാഹനങ്ങളിൽ നിന്നുളള വാതകങ്ങൾ പുറന്തളളുന്നത് കുറയ്ക്കാൻ ഈ യന്ത്രം സഹായിക്കും. സോളാർ പാനലിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ 18 ശതമാനം വൈദ്യുത ഊർജ്ജമാകുന്നുണ്ട്. വൈദ്യുതി ലൈൻ എത്തിച്ചേരാത്ത പ്രദേശങ്ങളിൽ സൗരോർജ്ജം ഉപയോഗിച്ച് ഈ രീതിയിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാം.
മറ്റ് നേട്ടങ്ങൾ:
ഗ്രീൻ എനർജി ഫലപ്രദമായി ഉപയോഗിക്കാം
വായു, പരിസ്ഥിതി മലിനീകരണമില്ല
ഉപയോഗസമയത്ത് ശബ്ദമലിനീകരണമില്ല
ഒറ്റ ചാർജിംഗിൽ എട്ട് മണിക്കൂർ വരെ പ്രവർത്തിപ്പിക്കാം
ഇന്ധനത്തിന് അധികച്ചെലവില്ല
ലഭിക്കുന്നത് 5 യൂണിറ്റ് വൈദ്യുതി
ഒരു കിലോവാട്ട് ശേഷിയുളള സോളാർ പാനലുകളിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഉപരിതല ഭാഗത്ത് നിന്ന് ലഭിക്കുന്നത് മൂന്നര യൂണിറ്റ് വൈദ്യുതി. പാനലിന്റെ മറുഭാഗത്ത് പ്രതിഫലിച്ച് ലഭിക്കുന്നത് ഒന്നര യൂണിറ്റ്. ആകെ അഞ്ച് യൂണിറ്റ് . ഒരു കുതിരശക്തി ശേഷിയുളള പമ്പ്‌സെറ്റ് പ്രവർത്തിപ്പിക്കുന്നതിന് ആറ് ചതുരശ്ര മീറ്റർ സ്ഥലത്ത് സ്ഥാപിക്കുന്ന മൂന്ന് സോളാർ പാനലുകൾക്ക് കഴിയും. ശേഷി കൂടുന്നതിന് അനുസരിച്ച് പാനലിന്റെ എണ്ണം കൂടുന്നു.
സോളാർ പാനൽ
സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്ന സൗരോർജ്ജ സെല്ലുകളുടെ ശേഖരമാണ് സോളാർ പാനൽ. സിലിക്കൺ കൊണ്ട് നിർമ്മിച്ച അർദ്ധചാലകമാണിത്. സിലിക്കൺ അർദ്ധചാലക മൂലകമാണ്. സിലിക്കൺ പാളികളിൽ പതിക്കുന്ന പ്രകാശം അതിലെ ആറ്റങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ഇത് ആറ്റങ്ങളിലെ ഇലക്‌ട്രോണുകളുടെ പ്രവാഹത്തിന് ഇത് കാരണമാകുന്നു. ഈ പ്രവാഹമാണ് വൈദ്യുത ഊർജ്ജമാകുന്നത്.