കുന്നംകുളം: ബഥനി സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സാമൂഹിക ശാസ്‌ത്രോത്സവത്തിൽ ഭിന്നശേഷിക്കാരുടെ വിഭാഗം മത്സരത്തിൽ ചിരട്ട കൊണ്ടുള്ള ശിൽപ നിർമ്മാണത്തിൽ കാണികളെ വിസ്മയിപ്പിച്ച് മത്സരാർത്ഥി. എറണാകുളം ഫോർട്ട് കൊച്ചി മുങ്ങൻവേലി ഫാദർ അഗസ്റ്റീനോ വിസ്റ്റീനി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരൻ സംഗീത് റാഫേൽ.

ബധിരനും മൂകനുമായ സംഗീത് നിർമ്മിച്ച ചിരട്ട കൊണ്ടുള്ള ശിൽപം കാമറയിൽ പകർത്താനും ആളുകൾ ഏറെയായിരുന്നു. എറണാകുളം പുതുവൈപ്പിൻ സ്വദേശികളായ ഷൈജു സീമ ദമ്പതികളുടെ മൂത്ത മകനാണ്. ഒന്നര വയസുള്ളപ്പോൾ സംഭവിച്ച ചികിത്സാപിഴവ് കാരണമാണ് സംഗീതിന് സംസാര ശേഷി നഷ്ടപ്പെട്ടത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശസ്ത്രക്രിയയ്ക്കായി തുക അനുവദിച്ചെങ്കിലും ശസ്ത്രക്രിയ വിജയിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് അറിഞ്ഞതോടെ മറ്റൊരു കുട്ടിയുടെ ചികിത്സയ്ക്ക് വിലങ്ങുതടിയാകണ്ട എന്നു കരുതി പിന്മാറുകയായിരുന്നുവെന്ന് പെയ്ന്റിംഗ് തൊഴിലാളിയായ ഷൈജു പറയുന്നു. മൂന്ന് വർഷം തുടർച്ചയായി ചിരട്ട കൊണ്ടുള്ള ശിൽപ നിർമ്മാണത്തിൽ സംസ്ഥാന ജേതാവാണ് സംഗീത്. ഇതിന് പുറമെ ചെസ് മത്സരത്തിലും ജില്ലാ തലം വരെ മത്സരിച്ചിട്ടുണ്ടെങ്കിലും സമ്മാനമൊന്നും ലഭിച്ചിട്ടില്ല.