കുന്നംകുളം: പൊതു വിദ്യാഭ്യാസ വകുപ്പിനെ പിന്തുണയ്ക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും വകുപ്പ് ഒരുക്കമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ പറഞ്ഞു. കുന്നംകുളത്ത് 53 -ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അനുവാദത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ചെലവഴിക്കാൻ ഒരുക്കമാണ്. കുട്ടികൾക്ക് നാടുമായുള്ള ഒരു ജൈവ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് നമ്മുടെ പുതിയ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനുള്ള എല്ലാ സഹകരണവും ജനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ ഏതുതരത്തിലുള്ള കഴിവുകളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അതിന് അവരെ വിദ്യാലയങ്ങളിൽ നിന്നേ പര്യാപ്തരാക്കേണ്ടതാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കൃഷിമന്ത്രി അഡ്വ. വി. എസ് സുനിൽ കുമാർ പറഞ്ഞു. രമ്യ ഹരിദാസ് എം.പി, കെ. വി അബ്ദുൾ ഖാദർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ജെ. പ്രസാദ്, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, തൃശൂർ കോർപറേഷൻ വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അദ്ധ്യക്ഷ കരോളി ജോഷ്വാ, എ.ഡി.പി.ഐ സി.എ സന്തോഷ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ. ഗീത എന്നിവർ സംസാരിച്ചു. നേരത്തെ ശാസ്‌ത്രോത്സവത്തിന്റെ പതാക ഉയർത്തൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു നിർവഹിച്ചു.