കുന്നംകുളം: ജനകീയതയും ആധുനികതയും മാനവികതയും ചേർന്ന വിദ്യാഭ്യാസ നയമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കുന്നംകുളത്ത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനം രാജ്യത്ത് വിദ്യാഭ്യാസ നിലവാരത്തിൽ ബഹുദൂരം മുന്നിലാണ്. 82.17 പോയിന്റ് നേടിയാണ് നാം ഇത്തരം നേട്ടം കൈവരിച്ചത്. ജനകീയ വിദ്യാഭ്യാസത്തിലൂടെ ഇത് നൂറ് ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസത്തിൽ നാം നേടിയെടുത്തിട്ടുള്ള നേട്ടങ്ങളെല്ലാം നാം പ്രതിനിധാനം ചെയ്യുന്ന ജനതയുടെ വിജയമാണ്. പൊതുവിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം വിദ്യാഭ്യാസ വകുപ്പിന് ആവശ്യമാണ്. വിദ്യാഭ്യാസത്തിൽ ശാസ്ത്രീയമായ രീതി അവലംബിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്.

ഓരോ കുട്ടിക്കും ചിന്തയുടെ ചിറകു മുളപ്പിക്കുന്ന തരത്തിൽ വിദ്യാഭ്യാസം നൽകാൻ അദ്ധ്യാപകരും രക്ഷിതാക്കളും തയ്യാറാകണം. ഇതിനായി പാഠ്യപദ്ധതികൾ രൂപപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിൽ നിന്ന് അന്ധവിശ്വാസത്തെ ഇല്ലായ്മ ചെയ്താലേ സർഗശേഷിയും ശാസ്ത്രാവബോധവും വളരുകയുള്ളൂ. നല്ല തലമുറയെ വാർത്തെടുക്കാൻ ശാസ്ത്രാവബോധം വളർത്തിയേ നമുക്ക് ഇനിയുള്ള കാലം മുന്നേറാനാകുകയുള്ളൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.