തൃപ്രയാർ: സേവന മാതൃകയിലൂടെ ഭക്തി ഈശ്വര സേവയാക്കി മാറ്റിയ ഇരുപതംഗ സംഘം തൃപ്രയാർ ക്ഷേത്രത്തിന്റെ നാലുവശത്തുമുള്ള വിളക്കുമാടം, വിളക്ക് തൂണുകൾ എന്നിവ വൃത്തിയാക്കി മടങ്ങി. ഏകാദശിയോടനുബന്ധിച്ച് കഴിഞ്ഞ നാല് വർഷവും ഇവർ തൃപ്രയാർ ക്ഷേത്രത്തിലെത്തിയിരുന്നു. തമിഴ്നാട് സേലം സ്വദേശിയായ എസ്. പാർത്ഥസാരഥിയുടെ നേത്യത്വത്തിലുള്ളതാണ് സംഘം. സേലത്ത് സോമിൽ ബിസിനസ് നടത്തുകയാണ് പാർത്ഥസാരഥി. കൂടാതെ സംഘത്തിൽ എൻജിനീയർമാരും അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ട്. ഏഴ് വയസു മുതൽ 70 വയസു വരെയുള്ളവരാണ് കൂട്ടത്തിലുള്ളത്. തമിഴ് നാട്ടിലെ ചിദംബരം, കാഞ്ചീപുരം, തിരുവണ്ണാമലൈ തുടങ്ങിയ മിക്ക ക്ഷേത്രങ്ങളിലും ഇവർ സേവനപ്രവർത്തനം നടത്തിയിട്ടുണ്ട്. കേരളത്തിൽ തൃപ്രയാർ , കൊടുങ്ങല്ലൂർ, ചോറ്റാനിക്കര, ആറാട്ടുപുഴ തുടങ്ങിയ ക്ഷേത്രങ്ങളിൽ സേവനവുമായി സ്ഥിരമായെത്താറുണ്ട്. പ്രതിഫലേച്ഛയില്ലാതെ അവധി ദിനങ്ങളിൽ മാത്രമാണ് ഇവരുടെ പ്രവർത്തനം. ഭക്ഷണം മാത്രമാണ് ക്ഷേത്രങ്ങളിൽ നിന്നും ഇവർ സ്വീകരിക്കുക. സംഘത്തിന് തൃപ്രയാർ ദേവസ്വം മാനേജർ എം. ക്യഷ്ണൻ പ്രത്യേക ഉപഹാരം സമ്മാനിച്ചു.