കുന്നംകുളം: നിത്യജീവിതത്തെ ശാസ്ത്രം കൊണ്ട് അടയാളപ്പെടുത്തുന്ന നാല് കൊച്ചു പരീക്ഷണങ്ങളുമായി ശാസ്ത്രമേളയുടെ ഉദ്ഘാടന വേദിയെ തൃശൂർ കാൽഡിയൻ സിറിയൻ സ്‌കൂളിലെ വിദ്യാർത്ഥികൾ ആകർഷകമാക്കി. ജോയ് വിത്ത് സയൻസ് എന്ന പേരിട്ടാണ് പരീക്ഷണങ്ങൾ അവതരിപ്പിച്ചത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. മന്ത്രിമാർ, എം.എൽ.എമാർ, എം.പി, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ തുടങ്ങിയവർ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
ടീം ഒഫ് ജോയ്
ശ്വേത ഗോപൻ, നിഖിൽ ജോയി, ഡെൻ വർഗീസ്, ജഗന്നാഥൻ, ഗിഫ്റ്റി, ഏബെൽ, അന്നറ്റ്, ഇഷിത, സച്ചിൻ
പരീക്ഷണം 1, ബലൂൺ വിത്ത് ഹൈഡ്രജൻ
ബാത്ത് റൂം ക്ലിനിക് സൊലൂഷനിൽ നിന്ന് അലൂമിനിയം ഫോയിൽ റിയാക്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഹൈഡ്രജൻ ഗ്യാസ് ഉപയോഗിച്ച് ബലൂൺ വീർപ്പിക്കുക.
2 അലാവുദ്ദീനും അത്ഭുത വിളക്കും
അലാവുദ്ദീനും അത്ഭുത വിളക്കും പോലെ കുപ്പിയിൽ നിന്ന് പുക വരുത്തുന്നു. ഹൈഡ്രജൻ പെറോക്‌സൈഡിൽ മാംഗനീസ് ഡയോഡൈഡ് കലർത്തിയാണ് ഈ പരീക്ഷണം. പുറത്തേക്കു വരുന്ന പുക ലബോറട്ടറികളിൽ ഉപയോഗിക്കുന്ന ഓക്‌സിജൻ ഗ്യാസ് പോലുള്ളതായിരുന്നു.
3 ആന ടൂത്ത് പേസ്റ്റ്
ഹൈഡ്രജൻ പെറോക്‌സൈഡും പൊട്ടാസ്യം അയോഡൈഡും ഡിഷ് വാഷ് ലായിനിയും ചേർത്ത് നിർമ്മാണം. നിറുത്താതെ വരുന്ന പത മുഖ്യആകർഷണം.
4 കത്തികൊണ്ട് ഞരമ്പ് മുറിക്കൽ അഥവാ കെമിക്കൽ കട്ട്
കൈയിൽ മുമ്പേ തേച്ചുപിടിപ്പിച്ച അമോണിയം തയോസയനേറ്റ് ലായിനിയുടെ മുകളിലൂടെ ഫെറിക് ക്ലോറൈഡിൽ മുക്കിയ കത്തികൊണ്ട് വരയുന്നു. രാസപ്രവർത്തനം നടന്ന് ചോരയുടെ നിറമുള്ള അയേൺ തയോസയനേറ്റ് നിർമ്മിക്കപ്പെടും. ഒറ്റനോട്ടത്തിൽ ഞരമ്പ് മുറിച്ച പ്രതീതിയുണ്ടാകും.