തൃശൂർ:കേരളത്തിലെ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരപരിധി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള മന്ത്രിസഭാ തീരുമാനം നിലവിലെ കേന്ദ്ര നിയമത്തിന്റെ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടി.
ഇത്തരം ഒരു തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളാൻ നിയമം ,സംസ്ഥാനത്തിന് അധികാരം നൽകുന്നില്ല. നിയമപ്രകാരം ഓരോ സംസ്ഥാനവും തങ്ങളുടെ സംസ്ഥാനത്തിലെ സംരക്ഷിത പ്രദേശത്തിന് ചുറ്റിലും 10 കിലോമീറ്റർ ചുറ്റളവ് ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിക്കണമെന്ന് നിർദേശമുണ്ട്.
അതനുസരിച്ച് ഇതിനാവശ്യമായ പഠനം നടത്തി അതാതു സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള എക്കോ സെൻസിറ്റീവ് സോൺ ശാസ്ത്രീയമായി നിജപ്പെടുത്തുകയും കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ അടിയന്തരമായി നടപ്പാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. അതിലൂടെ സംരക്ഷിത മേഖലകളുടെ ആവാസ വ്യവസ്ഥകൾ സജീവമായി നിലനിറുത്തണം. സംരക്ഷിത മേഖല ആവശ്യമില്ല എന്ന് സംസ്ഥാന സർക്കാർ ആദ്യം നൽകിയ നിർദേശം സുപ്രീംകോടതിയും കേന്ദ്ര സർക്കാരും തള്ളിയ സാഹചര്യത്തിൽ ഇപ്പോൾ ഒരു കിലോമീറ്റർ എന്ന നിർദേശം മുന്നോട്ടുവെച്ച് കേന്ദ്ര നിയമത്തെയും സുപ്രീം കോടതി നിർദേശത്തെയും മറികടക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എ.പി മുരളീധരനും ജനറൽ സെക്രട്ടറി കെ. രാധനും ആവശ്യപ്പെട്ടു.