borval-robot

തൃശൂർ: തിരുച്ചിറപ്പള്ളിയിൽ രണ്ടരവയസുകാരൻ സുജിത്ത് വിൽസൺ കുഴൽക്കിണറിൽ വീണ് മരിച്ചെന്ന വാർത്ത ശിവദേവ് മനുവിന്റെയും സൂര്യജോസിന്റെയും മനസുലച്ചു. ഇനിയൊരു കുട്ടിയും കുഴൽക്കിണറിൽ വീണ് മരിക്കരുത്. കുഴൽക്കിണറിൽ വീഴുന്ന കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുഞ്ഞ് റോബോട്ട്. സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയ്‌ക്ക് തയ്യാറെടുത്തിരുന്ന ഇവരുടെ ചിന്ത ആ വഴിക്കായി. റോബോട്ടിക്‌സിൽ താത്പര്യമുള്ള അവർ രണ്ടാഴ്ചക്കുള്ളിൽ കുഞ്ഞു റോബോട്ടിനെ രൂപകൽപന ചെയ്തു - ബോർവെൽ റെസ്‌ക്യൂ റോബോട്ട് എന്ന് പേരും നൽകി. ബോർവെൽ 'പർവുലസ് സൊസ്‌പിറ്റോ' എന്ന ലാറ്റിൻ പേരും

നൽകിയിട്ടുണ്ട്. (പർവുലസ് എന്നാൽ കുഞ്ഞ്, സൊസ്‌പിറ്റോ എന്നാൽ രക്ഷിക്കുക)

പേരിൽ റോബോട്ട് ഉണ്ടെങ്കിലും ഇലക്ട്രോണിക് മസ്‌തിഷ്കം ഇല്ലാത്തതിനാൽ പൂർണ അർത്ഥത്തിൽ റോബോട്ട് അല്ല.

തൃശൂർ കുന്നംകുളത്ത് ഇന്നലെ ആരംഭിച്ച സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിൽ ഹൈസ്‌കൂൾ വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഇവരുടെ റോബോട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

ആലുവ സൗത്ത് വാഴക്കുളം ഗവ.എച്ച്.എസ്.എസിലെ പത്താംക്‌ളാസുകാരനാണ് ശിവദേവ്. സൂര്യജോസ് എട്ടാം ക്ലാസിലും. കാലിക പ്രസക്തിയുള്ള ആശയത്തിന് സ്‌കൂൾ അധികൃതരും പി.ടി.എയും പൂർവ വിദ്യാർത്ഥി സംഘടനകളും പ്രോത്സാഹനം നൽകി.

സ്‌കൂളിന് അടുത്തുള്ള ആക്രിക്കടയിൽ നിന്നാണ് അത്യാവശ്യ സാധനങ്ങൾ സംഘടിപ്പിച്ചത്. പാഴായി കിടന്ന സ്റ്റീൽ റോഡുകളും പൈപ്പ് കഷണങ്ങളും പെറുക്കി വൃത്തിയാക്കി. ആവശ്യമായ അളവുകളിൽ മുറിച്ചെടുത്ത് പെയിന്റടിച്ചു. ഓരോ ഭാഗവും സ്‌ക്രൂവിട്ട് മുറുക്കി. പഴയ കളിപ്പാട്ടത്തിന്റെ നാലു ടയറുകളും എതിർവശത്ത് മറ്റൊരു ടയറും ഘടിപ്പിച്ചു. ക്രെയിൻ പോലെനീളൻ കൈയും അറ്റത്ത് ഗ്രിപ്പുള്ള മൃദുലമായ മറ്റൊരു കൈയും, കാമറയും ഘടിപ്പിച്ചു. കുഴൽക്കിണറിലേക്ക് ഓക്‌സിജൻ കടത്തിവിടാനുള്ള കുഴലും ആശയവിനിമയത്തിനുള്ള സംവിധാനവും ഒരുക്കി. റോബോട്ട് റെഡി. അയ്യായിരം രൂപയിൽ ചെലവൊതുങ്ങി. കണ്ടുപിടിത്തത്തെ പറ്റി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി കാത്തിരിക്കുകയാണ് ഈ മിടുക്കൻമാർ. ജനുവരി 21ന് കൊച്ചി കുസാറ്റിലെ വിദഗ്ദ്ധർക്ക് മുന്നിൽ കണ്ടുപിടിത്തം വിശദീകരിക്കാൻ ഇവരെ വിളിച്ചിട്ടുണ്ട്.

പ്രവർത്തനം

മൂന്ന് ഗിയറുകൾ ഉള്ള ഒരു വോം ഗിയർ വിഞ്ചിലെ കേബിളിന്റെ അറ്റത്ത് ഘടിപ്പിച്ചാണ് റോബോട്ടിനെ കുഴൽക്കിണറിലേക്ക് ഇറക്കുന്നത്. നാല് ടയറുകളിൽ ഉരുണ്ട് താഴേക്ക് ഇറങ്ങുന്ന റോബോട്ടിന് കുഴൽക്കിണറിൽ പിടുത്തം നൽകുന്നത് എതിർവശത്തെ അഞ്ചാമത്തെ ടയറാണ്. വൈദ്യുതിയിലാണ് പ്രവർത്തനം.

റിമോട്ട് ഉപയോഗിച്ചാണ് നിയന്ത്രണം. ഒരു കൈയുടെ അഗ്രത്തിലുള്ള ലൈറ്റ് കുഴൽക്കിണറിൽ പ്രകാശം നൽകും. കാമറ വഴി ഉള്ളിലെ ദൃശ്യങ്ങൾ പുറത്തുള്ള മോണിട്ടറിൽ കാണാം. ആശയവിനിമയ സംവിധാനത്തിലൂടെ കുഞ്ഞിനെ സാന്ത്വനിപ്പിക്കാം. കുഞ്ഞിന് ശ്വസിക്കാൻ ഓക്‌സിജനും നൽകാം. റോബോട്ടിന്റെ മൃദുലമായ മറ്റേ കൈ കുട്ടിയെ ഭദ്രമായി എടുത്തുകഴിഞ്ഞാൽ റിമോട്ട് ഉപയോഗിച്ച് വിഞ്ച് പ്രവർത്തിപ്പിച്ച് പുറത്ത് എത്തിക്കും.