തൃശൂർ: ഉമിയല്ല പകരം മുളയുടെ വേര് കരിയാക്കി പല്ല് തേക്കൂ... മൂന്നുണ്ട് ഗുണം. ദന്തരോഗം വരില്ല, മോണയിൽ പഴുപ്പുണ്ടാകില്ല, പല്ല് വെട്ടിത്തിളങ്ങും... പറയുന്നത് മുളകളിൽ ഗവേഷണം നടത്തിയ രണ്ട് കുട്ടിഗവേഷകരാണ്. നാടായ നാടെല്ലാം മുളങ്കാട് തേടി നടന്ന് ശേഖരിച്ച കുറേ പാരമ്പര്യ അറിവുകളുമായാണ് പാലക്കാട് വടക്കഞ്ചേരി ചെറുപുഷ്പം സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിനികളായ ജെ. ശ്രീലക്ഷ്മിയും പി.എസ് സുനീറയും ശാസ്ത്രമേളയിൽ പ്രൊജക്ടുമായെത്തിയത്. മുളയില കത്തിച്ചാലും അത് വെറുതേ കളയരുത്. ത്വക്ക് രോഗങ്ങൾക്കും ചൊറിക്കുമെല്ലാം ഉത്തമ ഔഷധമാണത്. ഈ ഔഷധങ്ങളെല്ലാം ഒരു പാത്രത്തിൽ ശേഖരിച്ച് , മൺമറഞ്ഞുപോകുന്ന നാട്ടറിവുകളെല്ലാം മേളയിൽ അവതരിപ്പിക്കുകയാണ് ഈ 'കുട്ടിപ്രകൃതിശാസ്ത്രജ്ഞർ'. മുളയില അരച്ചാലും അത് ഔഷധം തന്നെ. വാതരോഗങ്ങളും രക്തയോട്ടം കൂട്ടാനും അതുപോലൊരു മരുന്ന് വേറെയില്ലെന്ന് ഈ വിദ്യാർത്ഥികൾ പറയുന്നു.
മുള കൊണ്ട് മാത്രം...
@ അത്ഭുത സസ്യം !
തളിരില കഴിച്ചാൽ ഗർഭാശയരോഗം തടയാം
മുളയുടെ വേരും തൊലിയും ചേർത്ത് നല്ലെണ്ണയിൽ കടുക് താളിച്ച് തലയിൽ തേച്ചാൽ അകാലനര മാറും
മുടി പനങ്കുലപോലെ വളരും
@ ഉത്പന്ന പ്രദർശനം
കുട്ട,വട്ടി, മുറം, തവി തുടങ്ങിയ 12 തരം മുള ഉത്പന്നങ്ങൾ
മുളയരിപായസം, ഉണ്ട, ഉണ്ണിയപ്പം, അവുലോസ് പൊടി, ഇലയട തുടങ്ങി മുളകൊണ്ടുളള 17 തരം ഭക്ഷ്യവിഭവങ്ങൾ
മുളനാര് കൊണ്ടുള്ള വസ്ത്രനിർമ്മാണ സാദ്ധ്യതകൾ
@ ഗവേഷണം
പ്രളയത്തെ നേരിടാൻ ശേഷിയുളള വിവിധ ഇനം മുളകളുടെ വേരുകൾ മേളയിലുണ്ട്. വടക്കഞ്ചേരിയിൽ നിന്ന് വനഗവേഷണകേന്ദ്രത്തിന്റെ തൃശൂർ വേലൂപ്പാടത്തെ മുളഫാമുകളിലെത്തി വിവരം ശേഖരിച്ചാണ് പ്രൊജക്ട് തയ്യാറാക്കിയത്. 64 തരം മുളകളിലായിരുന്നു ഗവേഷണം. കാടുകളോട് ചേർന്ന് താമസിക്കുന്ന വേടൻമാർ മുതൽ വനഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വരെ മുളയുടെ ഔഷധഗുണം സാക്ഷ്യപ്പെടുത്തി. ഗവേഷണത്തിന് അദ്ധ്യാപകരും സഹായം നൽകി. വിധികർത്താക്കൾക്കു മുന്നിൽ ഗവേഷണത്തിന്റെ കണ്ടെത്തലുകളും അവതരിപ്പിച്ചു.
കറുത്തമുളയും
അപൂർവമായി കണ്ടുവരുന്ന കറുത്തമുളയും മംഗലം ഡാമിന്റെ വനമേഖലയിൽ നിന്ന് കണ്ടെത്തി പ്രദർശിപ്പിച്ചു. അലങ്കാരവസ്തുക്കൾ നിർമ്മിക്കാൻ ഭംഗിയും കരുത്തുമുളള കറുത്തമുളയ്ക്ക് എണ്ണക്കറുപ്പാണ്. അലങ്കാരസസ്യമായും ഇത് ഉപയോഗിക്കുന്നു. തായ്‌ലൻഡിലും കറുത്തമുളയുണ്ടെന്ന് പറയുന്നു.