ചാവക്കാട്: കുഴികൾ നിറഞ്ഞ ചാവക്കാട് പൊന്നാനി ദേശീയപാതയിലൂടെയുള്ള സഞ്ചാരം യാത്രികരിൽ ഭീതി ജനിപ്പിക്കുന്നു. ടാറിംഗ് തകർന്നു രൂപപ്പെട്ട പാതാളക്കുഴികളാണ് യാത്രികർക്ക് മരണക്കെണിയൊരുക്കുന്നത്. ഇതിനിടയിൽ സമയം പാലിക്കാൻ വേഗത്തിലോടേണ്ടിവരുന്ന ബസുകളും ചീറി പാഞ്ഞുപോകുന്ന ന്യൂജൻ ബൈക്കുകളും ഏതുനിമിഷവും അപകടമുണ്ടാക്കാമെന്ന നിലയിലാണിവിടെ.
വാഹനങ്ങൾ വേഗത കുറച്ച് കുഴിയിൽ ചാടിയിറങ്ങി മുന്നോട്ടു പോകുന്നതിനിടെ അമിതവേഗതയിൽ പിറികെലെത്തുന്ന വാഹനങ്ങളാണ് അപകടങ്ങൾക്ക് പ്രധാനകാരണം. കൂടാതെ ദേശീയപാതയിലുണ്ടാകുന്ന അപകടങ്ങൾ വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമാകുന്നുണ്ട്. കഴിഞ്ഞയാഴ്ച രാവിലെ തിരുവത്ര അതിർത്തി പെട്രോൾ പമ്പിനടുത്ത് കുഴിയിൽ ചാടിയ ബൈക്കിന് പുറകിൽ ബസിടിച്ച് ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടർന്ന് ബൈക്ക് യാത്രികനും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.
ദേശീയ പാതയിലെ കുഴികളുടെ അപകടാവസ്ഥ അറിഞ്ഞ് ഒക്ടോബർ 29ന് മണത്തല മുതൽ അകലാട് വരെയുള്ള ദേശീയപാതയിലെ കുഴികൾ കാണാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് എത്തിയിരുന്നു. തിരുവത്ര കോട്ടപ്പുറം പുതിയറയിൽ റോഡിലെ കുഴികൾ കളക്ടർ നടന്നു കണ്ടു. പരാതിയുമായി നാട്ടുകാരും കളക്ടർക്കരികിലെത്തി. ബസ് ഓണേഴ്‌സ് അസോസിയേഷനും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ചാവക്കാട് മണത്തല പൊന്നാനി ദേശീയ പാത 66 ലെ കുഴികൾ അടയ്ക്കാൻ ജില്ലാ കലക്ടർ എസ്. ഷാനവാസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. റോഡിലെ വലിയ കുഴികൾ അടയ്ക്കൽ രണ്ടുദിവസത്തിനകം ആരംഭിക്കുമെന്നും റോഡ് പൂർണമായും ടാറിംഗ് നടത്തുന്നതിന് 4 കോടി രൂപയുടെ പദ്ധതിക്ക് ശുപാർശ ചെയ്തതായും കളക്ടർ അറിയിച്ചിരുന്നു. കളക്ടറോടൊപ്പം അന്ന്‌ദേശീയപാത എക്‌സിക്യൂട്ടീവ് എൻജിനിയർ പ്രേംജിലാൽ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജയരാജ്, തഹസിൽദാർ സി.എസ്. രാജേഷ് എന്നിവരുമുണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികളൊന്നും ഉണ്ടാവാത്തതിനാൽ കളക്ടറുടെ വാക്ക് പാഴ് വാക്കായോ എന്നാണ് ഇപ്പോൾ ജന സംസാരം.
..........................
മറ്റ് റോഡുകൾ തേടേണ്ട ഗതികേട്
മണത്തല മുതൽ അകലാട് വരെ ഒട്ടേറെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ആഴം തിരിച്ചറിയാൻ കഴിയാത്തത് അപകടത്തിന് മറ്റൊരു കാരണമാവുകയാണ്. പ്രദേശവാസികളായ പല ബൈക്ക് യാത്രികരും ദേശീയപാതയിലൂടെയുള്ള യാത്ര ഒഴിവാക്കി ഇപ്പോൾ പടിഞ്ഞാറൻ മേഖലയിലെ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.